ബിജെപി എംപിമാരില്‍ 92 പേര്‍ ക്രിമിനല്‍ കേസ് പ്രതികള്‍; നാല് പേര്‍ക്കെതിരേ കൊലക്കേസ്
നിലവിലെ എംപിമാരില്‍ 174 പേരും ക്രിമിനല്‍ കേസ് പ്രതികളെന്ന് പഠനം. കൊലപാതകം, കൊലപാതക ശ്രമം, തട്ടികൊണ്ടുപോകല്‍, സ്ത്രീകള്‍ക്ക് എതിരേയുള്ള അതിക്രമം, വര്‍ഗീയ കലാപം തുടങ്ങി ഗുരുതര വകുപ്പുകള്‍ ചാര്‍ത്തിയ ക്രിമിനല്‍ കേസുകളില്‍ 106 പേര്‍ പ്രതികളാണ്.
തിരുവനന്തപുരം: രാജ്യത്തെ നിലവിലെ എംപിമാരില്‍ 174 പേരും ക്രിമിനല്‍ കേസ് പ്രതികളെന്ന് നാഷനല്‍ ഇലക്ഷന്‍ വാച്ചും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസും സംയുക്തമായി നടത്തിയ പഠനം. ബിജെപി എംപിമാരാണ് കൂടുതലും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. കൊലപാതകം, കൊലപാതക ശ്രമം, തട്ടികൊണ്ടുപോകല്‍, സ്ത്രീകള്‍ക്ക് എതിരേയുള്ള അതിക്രമം, വര്‍ഗീയ കലാപം തുടങ്ങി ഗുരുതര വകുപ്പുകള്‍ ചാര്‍ത്തിയ ക്രിമിനല്‍ കേസുകളില്‍ 106 പേര്‍ പ്രതികളാണ്. 267 ബിജെപി എംപിമാരില്‍ 92 പേരും ക്രിമിനല്‍ കേസ് പ്രതികളാണ്. കോണ്‍ഗ്രസില്‍ നിന്ന് 45ല്‍ ഏഴു പേരും എഐഎഡിഎംകെയിലെ 37 പേരില്‍ ആറു പേരും ശിവസേനയിലെ 18 ല്‍ 15 പേരും തൃണമൂല്‍ കോണ്‍ഗ്രസിലെ 34ല്‍ ഏഴുപേരും ക്രിമിനല്‍ കേസ് പ്രതികളാണ്. നാല് ബിജെപി എംപിമാരും കോണ്‍ഗ്രസ്, എന്‍സിപി, എല്‍ജെപി, ആര്‍ജെഡി, സ്വഭിമാന പക്ഷ, സ്വതന്ത്രര്‍ എന്നിങ്ങനെ ഒരാളും ഉള്‍പ്പടെ 10 പേര്‍ കൊലപാതക കേസ് പ്രതികളാണ്.
കേരളത്തിലെ എംപിമാരില്‍ എട്ട് പേരാണ് ക്രിമിനല്‍ കേസ് പ്രതികള്‍. ഇതില്‍ രണ്ടുപേര്‍ക്കെതിരേ ഗുരുതര ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കേരളത്തില്‍ വയനാട്, കോട്ടയം ഒഴികെയുള്ള മണ്ഡലങ്ങളെയാണ് പഠന വിധേയമാക്കിയിട്ടുള്ളത്. കേരളത്തില്‍ എംപിമാര്‍ക്കെതിരായ കേസുകള്‍ കൂടുതലും രാഷ്ട്രീയ കേസുകളാണ്. ഏറ്റവും കൂടുതല്‍ കേസ് പാലക്കാട് നിന്നുള്ള എം.ബി രാജേഷിന്റെ പേരിലാണ്. ദേശീയ തലത്തില്‍ 28 ാം സ്ഥാനത്തുള്ള ഇദ്ദേഹത്തിനെതിരേ 11 കേസുകളാണ് ഉള്ളത്. ഇതില്‍ അഞ്ച് ഐ.പി.സി വകുപ്പുകളും 48 മറ്റ് ഐ.പി.സി വകുപ്പുകളും അദ്ദേഹത്തിന് മേല്‍ ചാര്‍ത്തിയിട്ടുണ്ട്. കണ്ണൂരില്‍ നിന്നുള്ള പി കെ ശ്രീമതിക്കെതിരേ എട്ടു കേസുകളും കാസര്‍ഗോഡ് നിന്നുള്ള പി കരുണാകരന്റെ പേരില്‍ ആറു കേസുകളും ഇടുക്കിയില്‍ നിന്നുള്ള ജോയ്‌സ് ഡോര്‍ജിന്റെ പേരില്‍ നാലു കേസുകളും തൃശൂരില്‍ നിന്നുള്ള സി.എന്‍ ജയദേവന്റെ പേരില്‍ മൂന്നു കേസുകളുമുണ്ട്. കൊല്ലത്ത് നിന്നുള്ള എന്‍ കെ പ്രേമചന്ദ്രന്‍, ആറ്റിങ്ങലിലെ എ സമ്പത്ത്, മാവേലിക്കരയിലെ കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ പേരില്‍ ഒരു കേസ് വീതവും നിലവിലുണ്ട്. ജോയ്‌സ് ജോര്‍ജിന്റെ പേരില്‍ ഒരു ഐ.പി.സി വകുപ്പ് ചാര്‍ത്തിയിട്ടുണ്ട്.