പാലക്കാട് ജില്ലയില്‍ മേയ് 31 വരെ നിരോധനാജ്ഞ

ഇതുവരെ പാലക്കാട് ജില്ലയിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 9400 ഓളം ആളുകള്‍ വന്നിട്ടുണ്ട്. അതേസമയം, ജില്ലയില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നും കലക്ടര്‍ പറഞ്ഞു

Update: 2020-05-23 16:18 GMT

പാലക്കാട്: കൊവിഡ് രോഗികള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ തിങ്കള്‍ മുതല്‍ മേയ് 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. ഇന്ന് മാത്രം 19 പുതിയ കൊവിഡ് കേസുകളാണ് ജില്ലയില്‍ റിപോര്‍ട്ടു ചെയ്തത്. ഇതോടെ പാലക്കാട് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 44 ആയി.

ആലത്തൂര്‍ സ്വദേശിയും മങ്കര സ്വദേശിയും ഉള്‍പ്പെടെ രണ്ടുപേര്‍ എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികില്‍സയിലുണ്ട്. ജില്ലയില്‍ എട്ട് ഹോട്‌സ്‌പോട്ടുകളാണ് ഉള്ളത്. കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കാന്‍ ജനങ്ങള്‍ സന്നദ്ധരാകണമെന്നും ജില്ലാ കളക്ടര്‍ ഡി.ബാലമുരളി പറഞ്ഞു.

ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ മറ്റു രാജ്യങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ പേര്‍ ജില്ലയിലേക്ക് എത്തുന്നുണ്ട്. ഇതില്‍ ഗര്‍ഭിണികളും വിദ്യാര്‍ഥികളും അടിയന്തര ചികില്‍സ ആവശ്യമുള്ളവരും ജോലിക്ക് പോയവരും പഠനം പൂര്‍ത്തിയാക്കിയവരും എല്ലാം ഉള്‍പ്പെടുന്നു. ഇതുവരെ പാലക്കാട് ജില്ലയിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 9400 ഓളം ആളുകള്‍ വന്നിട്ടുണ്ട്. ഇതുവരെ സമൂഹ വ്യാപനം ജില്ലയില്‍ ഉണ്ടായിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു





Similar News