താനൂരിലെ കസ്റ്റഡി മരണം; ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ ഉടന്‍ സസ്‌പെന്റ് ചെയ്യണം: എസ്ഡിപിഐ

ലഹരിക്കെതിരെ ശക്തമായ നടപടികള്‍ കൈകൊള്ളേണ്ടതുണ്ട്.

Update: 2023-08-02 11:46 GMT

മലപ്പുറം : താനൂരിലെ കസ്റ്റഡി മരണത്തില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ ഉടന്‍ സസ്‌പെന്റ് ചെയ്യണമെന്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.സംഭവത്തില്‍ ഗൂരുതരമായ വീഴ്ച്ച പോലിസിന്റെ ഭാഗത്ത് സംഭവിച്ചിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്തതിന് ശേഷം പോലിസ് സ്റ്റേഷനിലേക്കോ മജിസ്ട്രേറ്റിന് മുന്നിലേക്കോ കൊണ്ടുപോകുന്നതിന് പകരം പോലിസ് കോര്‍ട്ടേസിലേക്ക് കൊണ്ടുപോയത് പീഢിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ്. മരണപ്പെട്ട പ്രതിയുടെ ദേഹത്ത് പതിമൂന്നോളം മുറിവുകള്‍ ഉണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അറസ്റ്റ് ചെയ്ത സ്ഥലവുമായി ബന്ധപ്പെട്ടും വ്യക്തതക്കുറവുണ്ട്. ഇത് ഗൗരവതരമാണ്.

പ്രതിയുടെ മരണത്തിന് ശേഷം അശുപത്രി സന്ദര്‍ശിച്ച എസ്.പി മാധ്യമങ്ങളോട് പറഞ്ഞത് കുറ്റവാളികളായ പോലിസുദ്ധ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടായിരുന്നു. എസ്.പിയുടെ തന്നെ നിയന്ത്രണത്തിന് കീഴിലുള്ള ഡാന്‍സാഫ് സംഘത്തിനെതിരെ ഇതിനുമുന്നേയും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളതാണ്. അത് കൊണ്ട് തന്നെ എസ്.പിയുടെ അധികാര പരിധിയിലുള്ള അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുവരാന്‍ സാധ്യതയില്ല. അതിനാല്‍ എസ്.പി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷണം നടത്തി കുറ്റക്കാരായ പോലിസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന ഇത്തരം സംഭവങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണേണ്ടതുണ്ട്.

ലഹരിക്കെതിരെ ശക്തമായ നടപടികള്‍ കൈകൊള്ളേണ്ടതുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ പോലിസ് നടത്തുന്ന ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തികള്‍ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. അത്‌കൊണ്ട് തന്നെ ഇത്തരം കിരാത വൃത്തികള്‍ മേലില്‍ ആവര്‍ത്തിക്കാത്ത നിലയില്‍ ശക്തമായ നടപടികള്‍ കൈകൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി അദ്ധ്യക്ഷത വഹിച്ചു.





Tags:    

Similar News