ലക്ഷദ്വീപില്‍ ചുഴലിക്കാറ്റ്; സംസ്ഥാനത്ത് അതിതീവ്ര മഴ, കടല്‍ക്ഷോഭം, കനത്ത നാശനഷ്ടം

തീരത്ത് കയറ്റിവച്ച മീന്‍പിടിത്ത ബോട്ടുകള്‍ തിരയില്‍ തകര്‍ന്നു. ദ്വീപില്‍ ശക്തമായ കാറ്റാണ് അടിച്ചുവീശുന്നത്. ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ലക്ഷദ്വീപിലേക്കുള്ള കടല്‍ ഗതാഗതം പൂര്‍ണമായി റദ്ദാക്കി.

Update: 2021-05-15 04:32 GMT

കോഴിക്കോട്: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചതോടെ കേരളത്തിലും ലക്ഷദ്വീപിലും കനത്ത നാശനഷ്ടം. ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്ത് എത്തിയതോടെ കടല്‍ ക്ഷോഭവും വ്യാപക നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തു.

തീരത്ത് കയറ്റിവച്ച മീന്‍പിടിത്ത ബോട്ടുകള്‍ തിരയില്‍ തകര്‍ന്നു. ദ്വീപില്‍ ശക്തമായ കാറ്റാണ് അടിച്ചുവീശുന്നത്. ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ലക്ഷദ്വീപിലേക്കുള്ള കടല്‍ ഗതാഗതം പൂര്‍ണമായി റദ്ദാക്കി. അടുത്ത 24 മണിക്കൂറിനിടെ ടൗട്ടേ ചുഴലിക്കാറ്റ് വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അറബിക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുന്നു. വടക്കന്‍ ജില്ലകളില്‍ അതിതീവ്രമായ മഴയാണ് ലഭിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനമര്‍ദം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്തെ തീരമേഖലയില്‍ കനത്ത നാശനഷ്ടമുണ്ടായി. തിരുവനന്തപുരം വലിയതുറ കടല്‍പ്പാലത്തിന് ചരിവ്. അപകട സാധ്യത ഉള്ളതിനാല്‍ ഗേറ്റ് പൂട്ടി. പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഇടുക്കി മലങ്കര ഡാമില്‍ കൂടി 63.429 ക്യൂബിക് മീറ്റര്‍ വെള്ളം ഒഴുക്കും അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാലാണിത്. ഇടുക്കി വട്ടവടയില്‍ വ്യാപകനാശം. വീടുകള്‍ തകര്‍ന്നു.

കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട്. വളഞ്ഞമ്പലം, ജോസ് ജംഗ്ഷന്‍ സൗത്ത് എന്നിവിടങ്ങളില്‍ വെള്ളക്കെട്ട്. ഗതാഗതത്തിന് തടസ്സമില്ല.

കനത്ത മഴയില്‍ തൃശൂര്‍ ജില്ലയില്‍ പരക്കെ നാശം. മണ്ണുത്തി നെല്ലങ്കരയില്‍ ആല്‍മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണു. കുതിരാന്‍ ഇരുമ്പ് പാലത്തിന് സമീപം ലോറിക്ക് മുകളില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണു. ചേര്‍പ്പ് പടിഞ്ഞാട്ട് മുറിയില്‍ ഓടിട്ട വീട് തകര്‍ന്നു വീണു; തെക്കിനിയേടത്ത് വാസുവിന്റെ വീടാണ് തകര്‍ന്ന് വീണത്. ഓട് വീണ് വാസുവിന് നിസാര പരിക്കേറ്റു. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കുട്ടന്‍ കുളത്തിന്റെ മതില്‍ തകര്‍ന്നു വീണു. ചാവക്കാട്, കൈപ്പമംഗലം മേഖലയില്‍ കടലാക്രമണം രൂക്ഷം.

പാലക്കാട് തിരുമിറ്റക്കോട് പഞ്ചായത്തില്‍ മരംവീണ് വീടുകള്‍ക്ക് നാശനഷ്ടം തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ തുറക്കും.

കൊല്ലത്ത് മഴ കുറഞ്ഞെങ്കിലും കടല്‍ക്ഷോഭം രൂക്ഷമായി തുടരുകയാണ്. വയനാട്ടില്‍ തുടര്‍ച്ചയായി മഴ പെയ്യുന്നു കാറ്റില്ല. കാസര്‍കോട് അനിഷ്ടസംഭവങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മലപ്പുറം ജില്ലയില്‍ കനത്ത മഴ തുടരുന്നു. പുളിയന്മല, നെടുങ്കണ്ടം പാതയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ജില്ലയിലെ തീര പ്രദേശങ്ങളില്‍ കടലാക്രമണത്തില്‍ കനത്ത നാശനഷ്ടം. വീടുകളിലേക്ക് വെള്ളം കയറിയതോടെ നിരവധി കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റിി.

ആലപ്പുഴയില്‍ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ഒട്ടേറെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. വൈദ്യുതിബന്ധം പുനസ്ഥാപിക്കാനായില്ല.

ആലപ്പുഴ വാടകയ്ക്കകം പാടശേഖരത്തില്‍ മട വീണു. കുട്ടനാട്ടില്‍ വീടുകളില്‍ വെള്ളം കയറുന്നു. കൈനകരി, മുട്ടാര്‍, കാവാലം പഞ്ചായത്തുകളില്‍ വെള്ളം കയറുന്നു. ചമ്പക്കുളം, എടത്വ, തലവടി, പുളിങ്കുന്ന് എന്നിവിടങ്ങളിലും വീടുകളില്‍ വെള്ളം കയറുന്നു.

Tags:    

Similar News