നിവാര്‍ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രത, ഏഴു ജില്ലകളില്‍ ബസ് ഗതാഗതം നിര്‍ത്തി

ചെന്നൈയിലും ഇന്ന് നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നഗരത്തില്‍ 100 മുതല്‍ 110 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റടിക്കാനാണ് സാധ്യത.

Update: 2020-11-24 13:32 GMT

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട നിവാര്‍ ചുഴലിക്കാറ്റ് ബുധനാഴ്ച തീരം തൊടാനിരിക്കെ കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ചെന്നൈയിലും ഇന്ന് നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നഗരത്തില്‍ 100 മുതല്‍ 110 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റടിക്കാനാണ് സാധ്യത. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടലെ പല ജില്ലകളിലും ബസ് സര്‍വീസ് നിര്‍ത്തലാക്കാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു. തീരപ്രദേശത്തെ ജില്ലകളില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കാനാണ് ഗവര്‍ണര്‍ ഉത്തരവിട്ടത്. പുതിയ ഉത്തരവ് വരുന്നതുവരെ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതിനാണ് ഇപ്പോള്‍ തീരുമാനം.

നാഗപട്ടണം, കടലൂര്‍, തഞ്ചാവൂര്‍, പുതുക്കോട്ടൈ, വില്ലുപുരം, ചെങ്ങല്‍പട്ടു, തിരുവല്ലൂര്‍ ജില്ലകളിലെ അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ നിര്‍ത്തിവയ്ക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പടി കെ പളനിസ്വാമി അറിയിച്ചു. ഈ ജില്ലകളില്‍ പുതിയ ഉത്തരവ് വരുന്നതുവരെ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. പ്രദേശത്തെ നിവാര്‍ ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്തുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമാണിതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൂടാതെ നവംബര്‍ 24, 25 തീയതികളില്‍ തീര മേഖലയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളും ദക്ഷിണ റെയില്‍വേ റദ്ദാക്കി. ഇപ്പോള്‍ റദ്ദാക്കിയ ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ചുനല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. അതേസമയം, ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്ന് 24ന് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് യാതൊരു മാറ്റവുമില്ല. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറ്റങ്ങളുണ്ടെങ്കില്‍ അറിയിക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

അതേസമയം, കടലില്‍ പോയ മുഴുവന്‍ മത്സ്യത്തൊഴിലാളികളോടും ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരിച്ചെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തീരപ്രദേശത്തെ ജില്ലകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തനം തുടങ്ങി. മുന്നറിയിപ്പിനെ തുടര്‍ന്ന് തമിഴ്‌നാടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സാഹയവും വാഗ്ദാനം ചെയ്തു. ട്വിറ്ററിലൂടെയാണ് ഇക്കര്യം മോദി അറിയിച്ചത്. തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാരുമായി സംസാരിച്ചതായും കേന്ദ്ര സര്‍ക്കാരിനു കഴിയുന്ന എല്ലാ സഹായങ്ങളും നല്‍കുമെന്ന് ഉറപ്പു നല്‍കിയാതായും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Tags:    

Similar News