മധ്യപ്രദേശില്‍ ദലിത് വയോധികയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു (വീഡിയോ)

Update: 2023-02-05 03:12 GMT

ഭോപാല്‍: മധ്യപ്രദേശില്‍ ദലിത് വയോധികയെ അയല്‍വാസികള്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഖാര്‍ഖോണ്‍ ജില്ലയില്‍ സനവാദ് പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ഹിരാപൂര്‍ ഗ്രാമത്തിലാണ് സംഭവം. മര്‍ദ്ദനത്തിന് പുറമെ ഇവര്‍ ജാതീയമായി അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഹീരാപൂര്‍ സ്വദേശിയായ സുമന്‍ ബായി ആരോപിക്കുന്നു. വീട്ടില്‍ വയോധിക ഒറ്റയ്ക്കാണ് താമസം. മകന്‍ ഇന്‍ഡോറില്‍ കൂലിപ്പണിക്കാരനാണ്. വെള്ളിയാഴ്ച വൈകീട്ട് മദ്യപിച്ചെത്തിയ ഗണേഷ് എന്ന അയല്‍വാസിയാണ് വയോധികയോട് വഴക്ക് ആരംഭിച്ചത്. ഇവര്‍ ചോദ്യം ചെയ്തപ്പോള്‍ ഗണേഷിന്റെ ഭാര്യയും അമ്മയും സ്ഥലത്തെത്തി ഇവരെ വീട്ടില്‍ നിന്നും വലിച്ചിഴച്ച് പുറത്തിട്ടു.

തുടര്‍ന്ന് കൈകാലുകള്‍ കെട്ടിയിട്ടതിന് ശേഷം രണ്ടുമണിക്കൂറോളം വയോധികയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗണേഷ് നേരത്തെ തന്നെ പലതവണ അസഭ്യം പറഞ്ഞിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടതിനാല്‍ താന്‍ ഗ്രാമത്തില്‍ തനിച്ച് താമസിക്കുന്നത് അയാള്‍ക്ക് ഇഷ്ടമല്ല. വീട് തകര്‍ത്തശേഷം ഇവിടെ നിന്ന് നാടുകടത്തുമെന്ന് അയല്‍വാസി ഭീഷണിപ്പെടുത്തുകയാണ്.

മൂന്നു മണിക്കൂറോളം എന്റെ കൈകള്‍ കെട്ടിയിട്ടു. പോലിസ് വന്നതിന് ശേഷമാണ് കെട്ടഴിച്ചത്. അടിയേറ്റ് തന്റെ ബോധം പോയിരുന്നുവെന്നും ഇവര്‍ പറയുന്നു. ഗണേഷ് യാദവും കുടുംബവും സുമന്‍ ബായിയുടെ അയല്‍പക്കത്താണ് താമസിക്കുന്നതെന്ന് വയോധികയുടെ കുടുംബാംഗമായ രാജു കാനഡെ പറഞ്ഞു. അവരുടെ വീട് നിര്‍ബന്ധിച്ച് വാങ്ങാന്‍ അവന്‍ ആഗ്രഹിക്കുന്നുണ്ട്. വെള്ളിയാഴ്ച ഗണേഷും കുടുംബവും സുമന്‍ ബായിയുമായി വഴക്കിട്ടിരുന്നു. പിന്നീട് സുമന്‍ ബായിയുടെ കൈകളും കാലുകളും കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞങ്ങള്‍ ദലിതരും യാദവരുമായതിനാല്‍ കുടുംബത്തെ അവരുടെ അയല്‍പക്കത്ത് താമസിക്കാന്‍ അനുവദിക്കില്ലെന്ന് ഗണേഷും കുടുംബവും പലപ്പോഴും ഭീഷണിപ്പെടുത്തുന്നതായി സുമന്‍ ബായിയുടെ മകന്‍ വിജയ് പറഞ്ഞു. ഞങ്ങള്‍ ഇത് സനാവാദ് പോലിസ് സ്‌റ്റേഷനിലും റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, അവിടെ നിന്നും നീതി ലഭിക്കാത്തതിനാല്‍ പോലിസ് സൂപ്രണ്ടിനെ കാണാന്‍ പോവുകയാണെന്നും മകന്‍ പറയുന്നു. വീഡിയോ വൈറലായതോടെ എസ്‌സി എസ്ടി ആക്ട് പ്രകാരം പോലിസ് കേസെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു.

Tags:    

Similar News