സവര്‍ണന്റെ ബൈക്കില്‍ തൊട്ടതിന് ദലിത് യുവാവിനു ക്രൂരമര്‍ദ്ദനം(വീഡിയോ)
കര്‍ണാടകയിലെ വിജയപുരയിലെ താലികോട്ടിക്ക് സമീപത്തെ മിനാജി ഗ്രാമത്തില്‍ ജൂലൈ 18നാണ് സംഭവം
വിജയപുര: സവര്‍ണന്റെ ബൈക്കില്‍ തൊട്ടെന്ന് ആരോപിച്ച് ദലിത് യുവാവിനെ തല്ലിച്ചതച്ചു. കര്‍ണാടകയിലെ വിജയപുരയിലെ താലികോട്ടിക്ക് സമീപത്തെ മിനാജി ഗ്രാമത്തില്‍ ജൂലൈ 18നാണ് സംഭവം. 32കാരനായ കൂലിത്തൊഴിലാളി കാശിനാഥ് തല്‍വാറിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ 13 പേര്‍ക്കെതിരേ കേസെടുത്തതായി വിജയപുര ജില്ലാ പോലിസ് സൂപ്രണ്ട് അനുപം അഗര്‍വാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'താന്‍ അബദ്ധത്തില്‍ ബൈക്കില്‍ തൊട്ടുപോയതാണെന്നും കരുണ കാട്ടണമെന്ന് അപേക്ഷിച്ചെങ്കിലും പ്രതികള്‍ തന്നെ വടികൊണ്ടും ചെരുപ്പ് കൊണ്ടും തല്ലിച്ചതക്കുകയും പാന്റ്‌സ് അഴിച്ചുമാറ്റുകയും ചെയ്തതായി' കാശിനാഥ് തല്‍വാര്‍ പറഞ്ഞു.
ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സവര്‍ണ ജാതിക്കാര്‍ക്കെതിരേ പ്രതിഷേധമുയര്‍ന്നു. ബെംഗളൂരുവില്‍ നിന്ന് 524 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് വിജയപുര. പ്രതികള്‍ക്കെതിരേ പട്ടികജാതി, പട്ടികവര്‍ഗ നിയമപ്രകാരവും ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലിസ് സൂപ്രണ്ട് അനുപം അഗര്‍വാള്‍ പറഞ്ഞു. ക്രൂരമായ ആക്രമണത്തില്‍ നിന്നു തല്‍വാറിനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെയും ഭാര്യയെയും മകളെയും പ്രതികള്‍ ആക്രമിച്ചതായി പിതാവ് യാങ്കപ്പ ആരോപിച്ചു. അതേസമയം, ദലിത് യുവാവ് തല്‍വാറിനെതിരേ ഗ്രാമത്തിലെ മൂന്ന് സ്ത്രീകള്‍ പോലിസിന് പരാതി നല്‍കിയിട്ടുണ്ട്. 'തല്‍വാറിന്റെ പെരുമാറ്റത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിളിച്ചുവരുത്തിയപ്പോള്‍ അവരെ കളിയാക്കുകയും മോശമായി സ്പര്‍ശിക്കുകയും വീടിനുപുറത്ത് വസ്ത്രങ്ങള്‍ അലക്കുന്നതിനിടെ നഗ്നത പ്രദര്‍ശിപ്പിച്ചെന്നുമാണ് പരാതിയിലുള്ളതെന്ന് പോലിസ് പറഞ്ഞു.
Dalit man stripped, assaulted for 'touching' bike in Karnataka