ദലിത് വിവാഹ സംഘം ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് സവര്‍ണര്‍ തടഞ്ഞ് ആക്രമിച്ചു
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയില്‍ ദലിത് വിവാഹ സംഘം ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് സവര്‍ണര്‍ തടഞ്ഞ് ആക്രമിച്ചു. വരന്റെ പിതാവിന്റെ പരാതിയില്‍ ഐപിസി, എസ്‌സി / എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം മന്‍പൂര്‍ പോലിസ് കേസെടുത്തു. അക്രമികളായ ഒമ്പത് പേരില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. വിവാഹച്ചടങ്ങിലേക്കുള്ള യാത്രാമധ്യേ ഒരു ക്ഷേത്രത്തില്‍ നിര്‍ത്താന്‍ വിവാഹ സംഘം തീരുമാനിച്ചതായിരുന്നു. ക്ഷേത്രത്തിനടുത്തെത്തിയപ്പോള്‍ വരന്‍ വികാസ് കല്‍മോദിയയും മറ്റുള്ളവരും സഞ്ചരിച്ചിരുന്ന കാറുകള്‍ നിര്‍ത്തി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് ബലം പ്രയോഗിച്ച് തടയാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് വരന്റെ പിതാവ് ഓംപ്രകാശ് പരാതിയില്‍ പറയുന്നു. സവര്‍ണ ജാതിയില്‍പെട്ടവര്‍ വിവാഹ സംഘത്തില്‍പ്പെട്ടവരെ ആക്രമിച്ചെന്നും തന്റെ മുതുകിന് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.
ഐപിസി 341, 323, 506, 153എ, 295എ, 147 വകുപ്പുകള്‍ പ്രകാരവുംഎസ്‌സി / എസ്ടി അതിക്രമ നിയമത്തിലെ വ്യവസ്ഥകളും പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും നാല് പേരെ അറസ്റ്റ് ചെയ്തതായും സബ് ഡിവിഷനല്‍ പോലിസ് ഓഫിസര്‍ വിനോദ് ശര്‍മ പറഞ്ഞു. ഇവരെ റിമാന്റ് ചെയ്തു. അതേസമയം, വരന്‍ ക്ഷേത്രത്തില്‍ പൂജ നടത്തിയെന്നും മദ്യപിച്ചതിനാലാണ് വിവാഹ പാര്‍ട്ടിയിലെ മറ്റുള്ളവര്‍ പ്രവേശിക്കുന്നത് തടഞ്ഞതെന്നുമാണ് ഗ്രാമവാസികളുടെ അവകാശവാദം. പിന്നീട് വിവാഹ സംഘം പോലിസ് സാന്നിധ്യത്തിലാണ് പൂജ നടത്തിയത്. വിവാഹവും പോലിസ് സുരക്ഷയിലാണ് നടന്നത്.
Dalit Marriage Party "Stopped From Entering Temple, Assaulted", 4 held