ഡല്‍ഹി സര്‍വകലാശാലയില്‍ ദലിത് വനിതാ പ്രഫസറെ സഹപ്രവര്‍ത്തകന്‍ മുഖത്തടിച്ചതായി പരാതി
മീറ്റിങ്ങിനിടെ കൗര്‍ തന്നെ അടിച്ചെന്നും തന്റെ ദലിത് സ്വത്വം കാരണമാണ് ആക്രമിക്കപ്പെട്ടതെന്നും ഡോ. നീലം പരാതിയില്‍ ആരോപിച്ചു.
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ വനിതാ ദലിത് പ്രഫസറെ സഹപ്രവര്‍ത്തകന്‍ മുഖത്തടിച്ചതായി പരാതി. ലക്ഷ്മിഭായ് കോളജിലെ ഹിന്ദി വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. നീലത്തിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പ്രഫ. രഞ്ജിത് കൗറിനും ഡല്‍ഹി സര്‍വകലാശാല പ്രിന്‍സിപ്പലിനുമെതിരേ പ്രഫ. ഡോ. നീലം പരാതി നല്‍കിയിട്ടുണ്ട്. മീറ്റിങ്ങിനിടെ കൗര്‍ തന്നെ അടിച്ചെന്നും തന്റെ ദലിത് സ്വത്വം കാരണമാണ് ആക്രമിക്കപ്പെട്ടതെന്നും ഡോ. നീലം പരാതിയില്‍ ആരോപിച്ചു. തന്റെ ജാതിയുമായി അവര്‍ക്ക് എല്ലായ്‌പ്പോഴും പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഡോ. നീലം പറഞ്ഞു.
ഡിപാര്‍ട്ട്‌മെന്റ് മീറ്റിങ്ങില്‍ പങ്കെടുത്തവര്‍ മിനുട്ട്‌സില്‍ വായിക്കാതെ ഒപ്പിടണമെന്ന് കൗര്‍ ആഗ്രഹിച്ചു. എന്നാല്‍, മിനിറ്റ്‌സ് വായിക്കണമെന്ന് നിര്‍ബന്ധം പിടിച്ചതോടെ മീറ്റിങ് അവസാനിപ്പിക്കാന്‍ തിടുക്കം കാണിച്ച കൗര്‍ തന്റെ മുഖത്തടിക്കുകയായിരുന്നുവെന്ന് ഡോ. നീലം പറഞ്ഞു.
കോളജ് പ്രിന്‍സിപ്പല്‍ പ്രത്യുഷ് വത്സലയ്ക്ക് പരാതി നല്‍കിയെങ്കിലും, ആക്റ്റീവിസ്റ്റുകളും മറ്റ് പ്രഫസര്‍മാരും സമ്മര്‍ദ്ദം ചെലുത്തുന്നതുവരെ സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ പ്രിന്‍സിപ്പല്‍ വിസമ്മതിച്ചതായും ദലിത് ഫാക്കല്‍റ്റി അംഗം ആരോപിച്ചു.
അതേസമയം, രജിസ്റ്റര്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചത് തടഞ്ഞതോടെ ഡോ. നീലം തന്നെ ആക്രമിച്ചെന്ന് ആരോപിച്ച് പ്രഫ. രഞ്ജിത് കൗര്‍ കൗണ്ടര്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.