സംഘപരിവാറിന്റെ ബഹിഷ്‌കരണാഹ്വാനം പൊളിഞ്ഞു; മികച്ച നേട്ടം കൊയ്ത് ദീപികയുടെ ഛപാക്
മധ്യപ്രദേശ്, പുതുച്ചേരി തുടങ്ങിയ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ചിത്രത്തിന് നികുതിയിളവും നല്‍കിയിട്ടുണ്ട്. സംഘപരിവാര്‍ ആഹ്വാനം ജനങ്ങള്‍ തള്ളിയതിന്റെ തെളിവാണ് സിനിമയുടെ മികച്ച നേട്ടം.
മുംബൈ: സംഘപരിവാറിന്റെ ബഹിഷ്‌കരണാഹ്വാനങ്ങള്‍ക്കിടയിലും നേട്ടം കൊയ്ത് ദീപിക പദുകോണ്‍ പ്രധാന കഥാപാത്രമായി എത്തിയ ഛപാക്. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം ഒന്നാം ദിവസം ഏകദേശം അഞ്ച് കോടിക്ക് മുകളില്‍ നേടിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ചിത്രം നിരൂപക പ്രശംസയും നേടി. ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാളിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സെയ്ഫ് അലി ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ അഭിനയിച്ച മള്‍ട്ടി സ്റ്റാര്‍ ചിത്രം തനാജി: ദ അണ്‍സംഗ് ഹീറോ എന്ന ചിത്രത്തിനിടയിലും ഛപാക് മികച്ച പ്രകടനം നടത്തുന്നതായി ബോളിവുഡ് അനലിസ്റ്റുകള്‍ പറയുന്നു. ഇന്ത്യയിലാകമാനം 1700 തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. തനാജി 3880 തിയറ്ററുകളില്‍ റിലീസ് ചെയ്തു. ഛപാക്കിലെ പ്രകടനത്തിന് ദീപികയെ ബോളിവുഡിലെ പ്രമുഖര്‍ പ്രശംസയുമായെത്തി. ദീപികയുടെ കരിയര്‍ ബെസ്റ്റ് പ്രകടനാണ് ഛപാക്കിലേതെന്നാണ് വിലയിരുത്തല്‍.
ദീപിക പദുകോണ്‍ ജെഎന്‍യു സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തിയതോടെയാണ് ഛപാക്കും വാര്‍ത്തകളില്‍ നിറയുന്നത്. ഛപാക്കിന്റെ പ്രമോഷന് വേണ്ടിയാണ് ദീപിക ജെഎന്‍യുവിലെത്തിയതെന്ന് ബിജെപി, സംഘ്പരിവാര്‍ നേതാക്കള്‍ ആരോപിച്ചിരുന്നു. മധ്യപ്രദേശ്, പുതുച്ചേരി തുടങ്ങിയ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ചിത്രത്തിന് നികുതിയിളവും നല്‍കിയിട്ടുണ്ട്. സംഘപരിവാര്‍ ആഹ്വാനം ജനങ്ങള്‍ തള്ളിയതിന്റെ തെളിവാണ് സിനിമയുടെ മികച്ച നേട്ടം.