യുപിയില്‍ മരിച്ച അധ്യാപകന് മുടക്കമില്ലാതെ ശമ്പളം; ക്രമക്കേട് കണ്ടെത്തിയത് 18 മാസങ്ങള്‍ക്ക് ശേഷം, അന്വേഷണത്തിന് ഉത്തരവ്
2016 മെയ് മാസത്തില്‍ മരിച്ച അധ്യാപകന്‍ അരവിന്ദ് കുമാറിന്റെ അക്കൗണ്ടിലേക്കാണ് ഒന്നരവര്‍ഷ കാലം മുടങ്ങാതെ ശമ്പളം എത്തിയത്.
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മരിച്ച അധ്യാപകന്റെ അക്കൗണ്ടിലേക്ക് തുടര്‍ച്ചയായ 18 മാസം മുടങ്ങാതെ ശമ്പളമിട്ട സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. 2016 മെയ് മാസത്തില്‍ മരിച്ച അധ്യാപകന്‍ അരവിന്ദ് കുമാറിന്റെ അക്കൗണ്ടിലേക്കാണ് ഒന്നരവര്‍ഷ കാലം മുടങ്ങാതെ ശമ്പളം എത്തിയത്. ഉത്തര്‍പ്രദേശിലെ പിലിബിത്തിലാണ് സംഭവം.
ബില്‍സാന്ദ െ്രെപമറി സ്‌കൂളിലെ അധ്യാപകനായിരുന്നു അരവിന്ദ് കുമാര്‍. ആശ്രിത നിയമനത്തിന്റെ ഭാഗമായി ഭാര്യ അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് രേഖകള്‍ പരിശോധിച്ചപ്പോഴാണ് വീഴ്ച കണ്ടെത്തിയത്. ബേസിക് ശിക്ഷാ അധികാരിയാണ് ക്രമക്കേട് കണ്ടെത്തിയത്. തുടര്‍ന്ന് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ബ്ലോക്ക് എഡ്യൂക്കേഷന്‍ ഓഫിസറോട് ഉത്തരവിടുകയായിരുന്നു.
അശോക് കുമാറിന്റെ രേഖകള്‍ അക്കൗണ്ട് സെക്ഷന്‍ പരിശോധിച്ചപ്പോഴാണ് മരിച്ചശേഷവും ഒന്നരവര്‍ഷ കാലം ശമ്പളം അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്തതായി കണ്ടെത്തിയത്. സാലറി ഷീറ്റ് സ്‌കൂളിലെ പ്രഥമാധ്യാപകനാണ് തയ്യാറാക്കുന്നത്. ഇത് ബ്ലോക്ക് എഡ്യൂക്കേഷന്‍ ഓഫിസറിന് സമര്‍പ്പിക്കുന്നതാണ് പതിവ്. കുറിപ്പോടെ അക്കൗണ്ട് സെക്ഷന് ബ്ലോക്ക് എഡ്യൂക്കേഷന്‍ ഓഫിസര്‍ ശമ്പളബില്‍ കൈമാറും. അക്കൗണ്ട് സെക്ഷനിനാണ് അക്കൗണ്ടില്‍ ശമ്പളം ക്രെഡിറ്റ് ചെയ്യേണ്ടതിന്റെ ചുമതല.