നിഹാലിന്റെ മരണം; മൃതദേഹം കണ്ടെത്തിയത് നായ്ക്കള്‍ കടിച്ചുപറിച്ച നിലയില്‍

വൈകീട്ടുമുതല്‍ കാണാതായ കുട്ടിക്കുവേണ്ടി നാട്ടുകാര്‍ തിരച്ചില്‍ തുടങ്ങിയിരുന്നു.

Update: 2023-06-12 01:54 GMT

മുഴപ്പിലങ്ങാട് : തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഭിന്നശേഷിക്കാരനായ 11 വയസ്സുകാരന്‍ മരിച്ചത് കഴിഞ്ഞ ദിവസമാണ്. വിവരമറിഞ്ഞ് വിറങ്ങലിച്ചു നില്‍ക്കുകയാണ് മുഴപ്പിലങ്ങാട് ഗ്രാമം. സംസാരശേഷിയില്ലാത്ത നിഹാലാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഓട്ടിസം ബാധിച്ച്, സംസാരശേഷി കുറഞ്ഞ കുട്ടിയെ തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മുഴപ്പിലങ്ങാട് കെട്ടിനകത്ത് ദാറുല്‍ റഹ്‌മയില്‍ നിഹാല്‍ നൗഷാദ് (11) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചരമുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രാത്രി എട്ടോടെയാണ് 300 മീറ്റര്‍ അകലെയുള്ള ആള്‍പ്പാര്‍പ്പില്ലാത്ത വീടിന്റെ പിന്‍ഭാഗത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ ശരീരം മുഴുവന്‍ തെരുവുനായ്ക്കള്‍ കടിച്ചുപറിച്ചിട്ടുണ്ട്. അരയ്ക്ക് താഴെ മുഴുവന്‍ മുറിവുകളുണ്ട്. വീട്ടില്‍നിന്ന് ഇറങ്ങിയ കുട്ടിയുടെ പിന്നാലെ നായക്കൂട്ടം ഓടിയപ്പോള്‍ പേടിച്ച് സമീപത്തെ വീട്ടിലേക്ക് ഓടിപ്പോയതാകാമെന്നും അവിടെവെച്ചായിരിക്കാം നായകളുടെ ആക്രമണമെന്നും കരുതുന്നു.

വൈകീട്ടുമുതല്‍ കാണാതായ കുട്ടിക്കുവേണ്ടി നാട്ടുകാര്‍ തിരച്ചില്‍ തുടങ്ങിയിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെയും വിവരം പ്രചരിപ്പിച്ചു. നായകളുടെ ശബ്ദം കേട്ടതായും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ കുഞ്ഞിനെ കടിച്ചുകീറുന്നതാണെന്ന് അവരാരും ആദ്യം കരുതിയില്ല. സംസാരശേഷിയില്ലാത്ത കുഞ്ഞിന്റെ കരച്ചിലും ആരും കേട്ടില്ല. സംശയം തോന്നിയ ചിലരാണ് ആളൊഴിഞ്ഞ വീട്ടുപരിസരത്ത് പരിശോധിച്ചത്. സാമൂഹികമാധ്യമങ്ങളിലൂടെ കുട്ടിയെ കാണാനില്ലെന്ന സന്ദേശം ലഭിച്ചത് മുതല്‍ എടക്കാട് പോലീസും പരിശോധനയ്ക്കിറങ്ങിയിരുന്നു.





Tags:    

Similar News