മുന്‍ രഞ്ജി ക്രിക്കറ്റ് താരത്തിന്റെ മരണം കൊലപാതകം; മകന്‍ അറസ്റ്റില്‍

പിതാവ് ഇത്തരത്തില്‍ കിടന്നുറങ്ങാറുണ്ടെന്നും അതിനാലാണ് സംശയം തോന്നാതിരുന്നതെന്നുമാണ് മകന്‍ പോലിസിനോടു പറഞ്ഞത്

Update: 2020-06-09 17:10 GMT

തിരുവനന്തപുരം: മുന്‍ രഞ്ജി ക്രിക്കറ്റ് താരം കെ ജയമോഹന്‍ തമ്പി(64)യുടെ മരണം കൊലപാതകമെന്നു തെളിഞ്ഞതായി പോലിസ്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ അശ്വിനെ പോലിസ് അറസ്റ്റ് ചെയ്തു. ജയമോഹന്‍ തമ്പിയെ മകന്‍ തളളിയിട്ടതിനെ തുടര്‍ന്ന് നെറ്റിയിലുണ്ടായ ആഴമുളള മുറിവാണ് മരണകാരണമെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് ജയമോഹന്‍ തമ്പിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തമ്പിയുടെ വീടിനു മുകളില്‍ താമസിക്കുന്നവര്‍ ദുര്‍ഗന്ധം കാരണം പരിശോധന നടത്തുകയായിരുന്നു. തിരുവനന്തപുരം മണക്കാട് മുക്കോലക്കല്‍ ദേവി ക്ഷേത്രത്തിന് സമീപത്തെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടായിരുന്നു. സിറ്റൗട്ടിനോട് ചേര്‍ന്ന മുറിയില്‍ മൂത്തമകന്‍ അശ്വിനും താമസിച്ചിരുന്നെങ്കിലും വീടിന്റെ മുകളിലത്തെ നിലയില്‍ വാടകയ്ക്ക് താമസിച്ചിരുന്നവര്‍ ദുര്‍ഗന്ധം പരന്നതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

    പിതാവ് ഇത്തരത്തില്‍ കിടന്നുറങ്ങാറുണ്ടെന്നും അതിനാലാണ് സംശയം തോന്നാതിരുന്നതെന്നുമാണ് മകന്‍ പോലിസിനോടു പറഞ്ഞത്. തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് ഫോര്‍ട്ട് പോലിസ് കേസെടുത്തിരുന്നു. ആലപ്പുഴ എസ്ഡിവി സ്‌കൂളിലെ മുന്‍ അധ്യാപകന്‍ പി ഉണ്ണിക്കൃഷ്ണന്‍ നായരുടെ മകനാണ് ജയമോഹന്‍ തമ്പി. ആലപ്പുഴ തോണ്ടന്‍കുളങ്ങരയിലായിരുന്നു വീട്. എസ്എസ്എല്‍സി മുതല്‍ എംഎ വരെ ഫസ്റ്റ് ക്ലാസില്‍ പാസായ ജയമോഹന്‍ തമ്പി ക്രിക്കറ്റില്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാനായിരുന്നു. 1982-84 കാലഘട്ടത്തില്‍ കേരളത്തിനായി ആറ് രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിച്ചിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്ന ഇദ്ദേഹം എസ്ബിടി ടീമിന്റെ ക്യാപ്റ്റനായിരുന്നു.


Tags:    

Similar News