നിഹാലിന്റെ മരണം; തുടയിലെ മാംസം മുഴുവനായും കടിച്ചെടുത്തു, കണ്ണിന് താഴെയും കഴുത്തിനു പുറകിലും ആഴത്തിലുള്ള മുറിവുകള്‍

അതേസമയം മുഴപ്പിലങ്ങാട് നാലുമാസം മുന്‍പും തെരുവുനായ ആക്രമണം നടന്നിരുന്നു.

Update: 2023-06-12 07:13 GMT

കണ്ണൂര്‍: മുഴപ്പിലങ്ങാട് തെരുവുനായ കടിച്ചുകൊന്ന നിഹാല്‍ നിഷാദിന്റെ ശരീരമാസകലം മുറിവുകളെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. നിഹാലിന്റെ കണ്ണിന് താഴെയും കഴുത്തിനു പുറകിലും അരയ്ക്കു താഴെയും ആഴത്തില്‍ മുറിവുകളുണ്ട്. ഇടതുതുടയിലെ മാംസം മുഴുവനായും കടിച്ചെടുത്ത നിലയിലാണ്. അതിക്രൂരമായി കുട്ടി ആക്രമിക്കപ്പെട്ടെന്ന് വ്യക്തമാക്കുന്നതാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വിദേശത്തുള്ള പിതാവ് എത്തുന്ന സമയം അനുസരിച്ചു സംസ്‌കരിക്കും. എടക്കാട് മണപ്പുറം ജുമാ മസ്ജിദിലാണ് സംസ്‌കാരം.

ഞായറാഴ്ച വൈകിട്ടാണു തെരുവുനായയുടെ ആക്രമണത്തില്‍ നിഹാല്‍ മരിച്ചത്. കളിക്കുന്നതിനിടെ വൈകിട്ട് അഞ്ചുമണിയോടെ കുട്ടിയെ കാണാതായിരുന്നു. പിന്നീട് തെരുവുനായയുടെ ആക്രമണത്തില്‍ ബോധരഹിതനായ കുട്ടിയെ നാട്ടുകാരാണ് ഒഴിഞ്ഞ പറമ്പില്‍നിന്നും കണ്ടെത്തിയത്. വീട്ടില്‍ നിന്നും അരക്കിലോമീറ്റര്‍ അകലെയാണു കുട്ടി കിടന്നിരുന്നത്. മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടിയാണു നിഹാല്‍. സംസാരശേഷിയും ഇല്ല. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

അതേസമയം മുഴപ്പിലങ്ങാട് നാലുമാസം മുന്‍പും തെരുവുനായ ആക്രമണം നടന്നിരുന്നു. ഫെബ്രുവരി രണ്ടിനു മൈസൂരു സ്വദേശികളായ രണ്ടു കുട്ടികള്‍ക്കാണു ഗുരുതര പരുക്കേറ്റത്. വിഷയത്തില്‍ കലക്ടര്‍ക്കു പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എ.ബി.സി. പദ്ധതി നടപ്പായില്ലെന്നും തെരുവുനായ്ക്കള്‍ക്ക് ഷെല്‍റ്റര്‍ ഹോം ഒരുക്കിയില്ലെന്നും മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ടി. സജിത പറഞ്ഞു. നിഹാലിന്റെ മരണത്തിനു പിന്നാലെ പടിയൂര്‍ എ.ബി.സി സെന്ററില്‍നിന്നുള്ള സംഘം രണ്ടു നായകളെ പിടികൂടി.





Tags:    

Similar News