ആദിവാസി യുവാവിന്റെ മരണം: പോലിസ് റിപോര്‍ട്ട് തള്ളി എസ്‌സി- എസ്ടി കമ്മീഷന്‍

Update: 2023-02-14 10:07 GMT

കോഴിക്കോട്: മെഡിക്കല്‍ കോളജ് പരിസരത്ത് ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയനായ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ പോലിസ് റിപോര്‍ട്ട് തള്ളി പട്ടികജാതി- വര്‍ഗ കമ്മീഷന്‍. സംഭവത്തില്‍ എസ്‌സി-എസ്ടി പീഡനനിരോധന നിയമപ്രകാരം തന്നെ കേസെടുക്കണമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ബി എസ് മാവോജി പോലിസിനോട് നിര്‍ദേശിച്ചു. കേസെടുത്ത് അന്വേഷണം നടത്തി നാല് ദിവസനത്തിനകം പ്രാഥമിക റിപോര്‍ട്ട് സമര്‍പ്പിക്കണം. ഒരാള്‍ വെറുതേ ആത്മഹത്യ ചെയ്യില്ല.

വിശ്വനാഥന് മാനസിക സംഘര്‍ഷമുണ്ടാക്കുന്ന എന്തോ കാര്യം അവിടെ സംഭവിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് മാത്രമായി കേസെടുക്കുന്നത് ശരിയല്ലെന്നും കമ്മീഷന്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയായ മെഡിക്കല്‍ കോളജ് എസി കെ സുദര്‍ശന്‍ എസ്‌സി- എസ്ടി കമ്മീഷന് മുന്നില്‍ നേരിട്ടെത്തിയാണ് വിശ്വനാഥന്റെ മരണത്തില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഇന്‍ക്വസ്റ്റ് നടത്താത്തത് വീഴ്ചയാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.

നാല് ദിവസത്തിനകം പുതിയ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. നിറവും വസ്ത്രവുമൊക്കെ കണ്ട് ആളുകള്‍ ഇല്ലാത്ത കുറ്റം അയാളുടെമേല്‍ ആരോപിച്ച് കാണും. കറുത്തവരെ കാണുമ്പോഴുള്ള മനോഭാവത്തില്‍ മാറ്റമുണ്ടാവണമെന്നും കമ്മീഷന്‍ വ്യക്തമാക്കി. മരണത്തില്‍ ദേശിയ പട്ടിക വര്‍ഗ കമ്മീഷനും റിപോര്‍ട്ട് തേടിയിട്ടുണ്ട്. ഡിജിപി, ജില്ലാ കലക്ടര്‍, സിറ്റി പോലിസ് കമ്മീഷണര്‍ എന്നിവരോടാണ് ദേശിയ പട്ടിക വര്‍ഗ കമ്മീഷന്‍ റിപോര്‍ട്ട് തേടിയത്. മൂന്ന് ദിവസത്തിനകം റിപോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.

Tags:    

Similar News