'പ്രതി മാനസാന്തരപ്പെടാനുള്ള സാധ്യതയുണ്ടോ എന്ന് പരിശോധിക്കണം'; വധശിക്ഷ വിധിക്കുന്നതിന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് സുപ്രിംകോടതി
പ്രതിയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വിചാരണ ഘട്ടത്തില്‍ തന്നെ ശേഖരിക്കണം, പ്രതിയുടെ മനോനിലയെ കുറിച്ച് സര്‍ക്കാരിന്റെയും ജയില്‍ അധികൃതരുടെയും റിപ്പോര്‍ട്ട് തേടണം, പ്രതി പശ്ചാത്തപിക്കാനും മാറാനും സാധ്യതയുണ്ടോയെന്ന് സൂക്ഷ്മ പരിശോധന നടത്തണം, കുടുംബ പശ്ചാത്തലം ഉള്‍പ്പെടെ എല്ലാ വിവരങ്ങളും സര്‍ക്കാര്‍ ശേഖരിച്ച് കോടതിക്ക് നല്‍കണം തുടങ്ങിയവയാണ് സുപ്രിംകോടതി നിര്‍ദേശങ്ങള്‍.
ന്യൂഡല്‍ഹി: വധശിക്ഷ വിധിക്കുന്നതിന് രാജ്യത്തെ കോടതികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ച് സുപ്രിംകോടതി. പകവീട്ടല്‍ പോലെയാണ് വിചാരണ കോടതികള്‍ വധശിക്ഷ വിധിക്കുന്നതെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. വധശിക്ഷ വിധിക്കും മുമ്പ് വിചാരണ കോടതിതലം മുതല്‍ തന്നെ പ്രതി മാനസാന്തരപ്പെടാനുള്ള സാധ്യതയുണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പ്രതിയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വിചാരണ ഘട്ടത്തില്‍ തന്നെ ശേഖരിക്കണം, പ്രതിയുടെ മനോനിലയെ കുറിച്ച് സര്‍ക്കാരിന്റെയും ജയില്‍ അധികൃതരുടെയും റിപ്പോര്‍ട്ട് തേടണം, പ്രതി പശ്ചാത്തപിക്കാനും മാറാനും സാധ്യതയുണ്ടോയെന്ന് സൂക്ഷ്മ പരിശോധന നടത്തണം, കുടുംബ പശ്ചാത്തലം ഉള്‍പ്പെടെ എല്ലാ വിവരങ്ങളും സര്‍ക്കാര്‍ ശേഖരിച്ച് കോടതിക്ക് നല്‍കണം തുടങ്ങിയവയാണ് സുപ്രിംകോടതി നിര്‍ദേശങ്ങള്‍.
ഇവയെല്ലാം പരിശോധിച്ച് മാത്രമേ വധശിക്ഷ വിധിക്കുന്നതിലേക്ക് പോകാവൂയെന്നും ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 2015ല്‍ മധ്യപ്രദേശിലുണ്ടായ ഒരു കേസിന്റെ വിധി പ്രസ്താവവുമായി ബന്ധപ്പെട്ടാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. ഹൈക്കോടതി ശരിവച്ച ആറില്‍ മൂന്നുപേരുടെ വധശിക്ഷ റദ്ദാക്കിയാണ് കോടതി ഇക്കാര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.
നേരത്തെ ബച്ചന്‍ സിങ് കേസില്‍ കൊലപാതകം നടന്ന സാഹചര്യത്തെ കുറിച്ച് വിശദമായി പരിശോധിക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. പ്രതിയുടെ മാനസികനില എങ്ങനെ, കൊലപാതകം നടത്താനിടയായ സാഹചര്യം ഏത്, കുടുംബ പശ്ചാത്തലം എങ്ങനെ, ജോലി എന്തായിരുന്നു, ക്രിമിനല്‍ പശ്ചാത്തലം ഉണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പരിശോധിച്ചേ വധശിക്ഷയിലേക്ക് പോകാവൂ എന്നായിരുന്നു ബച്ചന്‍ സിങ് കേസിലെ നിര്‍ദേശങ്ങള്‍. ഈ നിര്‍ദേശങ്ങള്‍ ഊന്നിപ്പറഞ്ഞ സുപ്രിംകോടതി, വിചാരണഘട്ടത്തില്‍ തന്നെ സെഷന്‍സ് കോടതികള്‍ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. ജസ്റ്റിസ് യു യു ലളിതിന് പുറമേ, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.