'താടിയുള്ള എന്നോട് സംവാദത്തിന് വരൂ': പൗരത്വ നിയമത്തില്‍ അമിത് ഷായെ വെല്ലുവിളിച്ച് ഉവൈസി
പ്രതിപക്ഷ നേതാക്കളായ മമത ബാനര്‍ജി, രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ് എന്നിവരെ വിവാദനിയമത്തില്‍ കഴിഞ്ഞ ദിവസം അമിത് ഷാ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. എന്നാല്‍, എന്തുകൊണ്ട് അവരോടൊപ്പം സംവാദം നടത്തുന്നുവെന്നും തന്നോട് സംവാദത്തിന് വരൂ എന്നും ഉവൈസി വെല്ലുവിളിച്ചു.
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ സംവാദത്തിന് വെല്ലുവിളിച്ച് ഹൈദരാബാദ് എംപിയും എഎഎംഐഎം അധ്യക്ഷനുമായ അസദുദ്ദീന്‍ ഉവൈസി. പ്രതിപക്ഷ നേതാക്കളായ മമത ബാനര്‍ജി, രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ് എന്നിവരെ വിവാദനിയമത്തില്‍ കഴിഞ്ഞ ദിവസം അമിത് ഷാ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. എന്നാല്‍, എന്തുകൊണ്ട് അവരോടൊപ്പം സംവാദം നടത്തുന്നുവെന്നും തന്നോട് സംവാദത്തിന് വരൂ എന്നും ഉവൈസി വെല്ലുവിളിച്ചു. തെലങ്കാനയിലെ കരീംനഗറില്‍ പാര്‍ട്ടി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'താങ്കള്‍ എന്നോട് സംവാദം നടത്തൂ. ഞാന്‍ ഇവിടെയുണ്ട്. എന്തുകൊണ്ടാണ് അവരോട് സംവാദം നടത്തുന്നത്? താടിയുള്ളവരോട് സംവാദം നടത്തൂ. സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയില്‍ സംവാദത്തിന് താന്‍ തയ്യാറാണ്'-അദ്ദേഹം പറഞ്ഞു. താടി നിലനിര്‍ത്തല്‍ മുസ്‌ലിംകളുടെ ബാധ്യതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സിഎഎയും എന്‍ആര്‍സിയും മുസ്‌ലിംകളോട് വിവേചനം കാണിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അമുസ്ലിം അഭയാര്‍ഥികള്‍ക്ക് സിഎഎ പൗരത്വം വാഗ്ദാനം ചെയ്യുമ്പോള്‍, ഒരു നിശ്ചിത തീയതിക്ക് ശേഷം ഇന്ത്യയിലെത്തിയ രേഖകളില്ലാത്ത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനാണ് എന്‍ആര്‍സി ഉദ്ദേശിക്കുന്നത്.
പൗരത്വത്തിന് ആദ്യമായി മതം മാനദണ്ഡമാക്കുന്നു എന്നതാണ് സിഎഎയെക്കെതിരായ വിമര്‍ശനം. അതുകൊണ്ട് തന്നെ അത് ഭരണഘടനക്കെതിരാണ്. സിഎഎ, എന്‍ആര്‍സിയുമായി ചേരുന്നതോടെ ഇന്ത്യയില്‍ വംശപരമ്പര തെളിയിക്കാനാവാതെ വരുന്ന മുസ്ലിംകളെ പുറംതള്ളുന്ന നിയമമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
വ്യാപക പ്രതിഷേധങ്ങള്‍ക്കിടയിലും പൗരത്വ നിയമവുമായി മുന്നോട്ടുപോകുമെന്നാണ് അമിത് ഷാ പറയുന്നത്. പൗരത്വ നിയമത്തില്‍ നിന്നും കേന്ദ്രം പിന്നോട്ടില്ലെന്നും പ്രതിഷേധിക്കേണ്ടവര്‍ക്ക് അത് തുടരാമെന്നും പറഞ്ഞു. ലക്‌നൗവില്‍ ബിജെപി റാലിയെ അഭിസംബോധനം ചെയ്ത് അമിത് ഷാ വ്യക്തമാക്കിയിരുന്നു.