ഒക്ടോബര്‍ രണ്ടിനകം ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം, അല്ലെങ്കില്‍ ജലസമാധിയടയും; ഭീഷണിയുമായി ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ്
രാജ്യത്തെ മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും പൗരത്വം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലഖ്‌നോ: ഇന്ത്യയെ 'ഹിന്ദു രാഷ്ട്രം' ആയി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സന്യാസി ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ് രംഗത്ത്. ഗാന്ധിജിയുടെ ജന്‍മദിനമായ ഒക്ടോബര്‍ രണ്ടിനകം കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയെ 'ഹിന്ദു രാഷ്ട്രം' ആയി പ്രഖ്യാപിച്ചില്ലെങ്കില്‍ സരയൂ നദിയില്‍ ജലസമാധിയടയുമെന്നാണ് ആചാര്യ മഹാരാജിന്റെ ഭീഷണി. രാജ്യത്തെ മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും പൗരത്വം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അയോധ്യയില്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ് ഇക്കാര്യം പറഞ്ഞത്.
അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിവാദപരാമര്‍ശമെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന ആവശ്യവുമായി പരമഹംസ് ആചാര്യ നേരത്തെ 15 ദിവസം നീണ്ട നിരാഹാര സമരം നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പ് ലഭിച്ചതിന് ശേഷം മാത്രമാണ് അദ്ദേഹം ഉപവാസം അവസാനിപ്പിച്ചത്. സന്യാസിയെ പിന്തുണച്ച് 'ഹിന്ദു സനാതന്‍ ധര്‍മ സന്‍സദ്' നടത്തുമെന്ന് അയോധ്യയിലെ മറ്റു ചില സന്യാസികള്‍ പറഞ്ഞു. ജഗദ്ഗുരു ആചാര്യ മഹാരാജ് നേരത്തെ ദ്വാരക ശാരദ പീഠ് പ്രമുഖ് ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദിനെ അയോധ്യയിലെ രാമക്ഷേത്ര ഭൂമിപൂജയുടെ സമയത്ത് വെല്ലുവിളിച്ചിരുന്നു.
സ്വരൂപാനന്ദിനെ കോണ്‍ഗ്രസിന്റെ പാദസേവകനെന്നാണ് വിളിച്ചത്. ആര്‍എസ്എസ് ഒരു ഹിന്ദു രാഷ്ട്രത്തിനായാണ് നിലകൊള്ളുന്നതെന്നും 130 ബില്യന്‍ ഇന്ത്യക്കാരും പൊതുവായ പൂര്‍വികരുള്ളതിനാല്‍ ഹിന്ദുക്കളാണെന്നും നേരത്തെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പ്രസ്താവിച്ചിരുന്നു. 'ഇസ്‌ലാം ഇന്ത്യയിലേക്ക് വന്നത് ആക്രമണകാരികളോടൊപ്പമാണ്. ഇത് ചരിത്രമാണ്, അങ്ങനെയാണ് പറയേണ്ടത്. സന്‍മനസ്സുള്ള മുസ്‌ലിം നേതാക്കള്‍ അനാവശ്യ വിഷയങ്ങളെ എതിര്‍ക്കുകയും മൗലികവാദികള്‍ക്കും കര്‍ക്കശവാദികള്‍ക്കുമെതിരേ ഉറച്ചുനില്‍ക്കുകയും വേണം. നമ്മള്‍ ഇത് എത്രയും വേഗം ചെയ്യുമോ അത്രയും നാശനഷ്ടം കുറയും- ആര്‍എസ്എസ് മേധാവി പറഞ്ഞു. സപ്തംബര്‍ 6 ന് പൂനെ ആസ്ഥാനമായുള്ള ഗ്ലോബല്‍ സ്ട്രാറ്റജിക് പോളിസി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവെയാണ് അദ്ദേഹം വിവാദപരാമര്‍ശങ്ങള്‍ നടത്തിയിരുന്നത്.