പരിക്ക് വില്ലനായി; ഗുസ്തിയില്‍ ദീപക് പൂനിയയ്ക്കു വെള്ളി
പരിക്കിനെ തുടര്‍ന്ന് ഇന്ന് നടക്കേണ്ടിയിരുന്ന ഫൈനലില്‍ നിന്ന് ദീപക് പിന്‍മാറുകയായിരുന്നു.
ന്യൂഡല്‍ഹി: ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷയായ ദീപക് പൂനിയയ്ക്കു വെള്ളി മെഡല്‍. പരിക്കിനെ തുടര്‍ന്ന് ഇന്ന് നടക്കേണ്ടിയിരുന്ന ഫൈനലില്‍ നിന്ന് ദീപക് പിന്‍മാറുകയായിരുന്നു. തുടര്‍ന്ന് ഫൈനലിലെ എതിരാളിയായ ഇറാന്‍ താരവും മുന്‍ ലോക ചാംപ്യനുമായ ഹസന്‍ യസ്ദാനിയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. കണങ്കാലിന് പരിക്കേറ്റതിനാലാണ് താരം പിന്‍മാറിയത്. 86 കിലോ ഫ്രീസ്‌റ്റൈല്‍ വിഭാഗത്തിലായിരുന്നു ദീപക് കളിക്കേണ്ടിയിരുന്നത്.
സെമിയില്‍ സ്വിറ്റ്‌സര്‍ലന്റിന്റെ സെറ്റഫാന്‍ റെയ്ച്മതിനെ 8-2ന് തോല്‍പ്പിച്ചാണ് പൂനിയ കലാശപ്പോരാട്ടത്തിനെത്തിയത്. സെമിയിലെ ജയത്തോടെ ദീപക് ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടിയിരുന്നു. സുശീല്‍ കുമാറിന് ശേഷം ഇന്ത്യയ്ക്കു വേണ്ടി സ്വര്‍ണം നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡ് ലക്ഷ്യമിട്ടായിരുന്നു പൂനിയ ഇന്നിറങ്ങേണ്ടിയിരുന്നത്. 61 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ രാഹുല്‍ അവാരെ ഇന്ന് വെങ്കലമെഡലിനായും ഇറങ്ങുന്നുണ്ട്. ഇതോടെ ഇത്തവണത്തെ ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ നാല് മെഡല്‍ സ്വന്തമാക്കി.