എംഎ യൂസഫലിക്കെതിരായ അപകീര്‍ത്തി വീഡിയോ; 'മറുനാടന്‍ മലയാളി'ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ അന്ത്യശാസനം
വ്യാജവാര്‍ത്തകള്‍ 24 മണിക്കൂറിനകം പിന്‍വലിച്ചില്ലെങ്കില്‍ ചാനല്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ യൂട്യൂബിന് നിര്‍ദേശം
ലുലു ഗ്രൂപ്പിനും എം.എ. യൂസഫലിക്കുമെതിരായ അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ അടങ്ങിയ എല്ലാ വീഡിയോകളും പിന്‍വലിക്കാന്‍ സാജന്‍ സ്‌കറിയക്ക് 24 മണിക്കൂര്‍ സമയമാണ് ഡല്‍ഹി ഹൈക്കോടതി അനുവദിച്ചത്. നിര്‍ദേശം പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ ചാനല്‍ സസ്‌പെന്‍ഡ് ചെയ്യാനും അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനും യൂട്യൂബിനും ഗൂഗിളിനും ഹൈക്കോടതി നിര്‍ദേശം നല്‍കി. കേസ് ഇനി പരിഗണിക്കുന്നതുവരെ യൂസഫലിക്കോ ലുലു ഗ്രൂപ്പിനോ എതിരായ അപകീര്‍ത്തികരമാാ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ കോടതികള്‍ വിലക്കിയിട്ടും യൂസഫലിക്കും ലുലു ഗ്രൂപ്പിനുമെതിരായ വ്യാജ വാര്‍ത്തകള്‍ സാജന്‍ സ്‌കറിയ പ്രസിദ്ധീകരിക്കുന്നുവെന്ന് യൂസഫലിക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായിരുന്ന മുകുള്‍ റോത്തഗി ആരോപിച്ചു. എന്നാല്‍, ഡല്‍ഹി ഹൈക്കോടതിക്ക് യൂസഫലിയുടെ ഹര്‍ജി പരിഗണിക്കാന്‍ നിയമപരമായ അവകാശം ഇല്ലെന്നായിരുന്നു സാജന്‍ സ്‌കറിയയുടെ വാദം. ഈ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ചന്ദ്രധാരി സിങ് സാജന്‍ സ്‌കറിയക്കെതിരേ രൂക്ഷ വിമര്‍ശനത്തോടെയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.