73 ശതമാനം പോക്‌സോ കേസുകളിലും പ്രതികള്‍ക്ക് ശിക്ഷ

2019ല്‍ 1406 കേസുകള്‍ വിചാരണ ചെയ്തപ്പോള്‍ 1093 കേസുകളും ശിക്ഷിക്കപ്പെട്ടു.

Update: 2021-10-24 01:04 GMT

കണ്ണൂര്‍: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാനുള്ള പോക്‌സോ നിയമപ്രകാരം സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്യുന്ന കേസുകളില്‍ മഹാഭൂരിഭാഗവും ശിക്ഷിക്കപ്പെടുന്നതായി ബാലാവകാശസംരക്ഷണ കമ്മിഷന്റെ 2019-20ലെ വാര്‍ഷിക റിപ്പോര്‍ട്ട്. 2019ല്‍ 1406 കേസുകള്‍ വിചാരണ ചെയ്തപ്പോള്‍ 1093 കേസുകളും ശിക്ഷിക്കപ്പെട്ടു. 73.89 ശതമാനം. 16.7 ശതമാനം കേസുകളില്‍ മാത്രമാണ് പ്രതികളെ വെറുതെവിട്ടത്. 146 കേസുകള്‍ മറ്റുവിധത്തില്‍ തീര്‍പ്പായതായും ബാലാവകാശ കമ്മീഷന്‍ റിപോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്ത് സാധാരണഗതിയില്‍ ഇത്രയധികം കേസുകളില്‍ ശിക്ഷ വരുന്നത് സിബിഐ രജിസ്റ്റര്‍ചെയ്യുന്ന കേസുകളിലാണ്. കഴിഞ്ഞദിവസം സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പ്രകാരം 2019ല്‍ സിബിഐ രജിസ്റ്റര്‍ചെയ്ത കേസുകളില്‍ 69.2 ശതമാനവും 2020ല്‍ 69.8 ശതമാനവും ശിക്ഷിക്കപ്പെട്ടു.

എന്നാല്‍, ഇതര കേസുകളിലെപ്പോലെ പോക്‌സോ കേസിലും വിചാരണ വൈകുന്നതായി ബാലാവകാശ കമ്മിഷന്‍ കുറ്റപ്പെടുത്തുന്നു. 2012ല്‍ നിലവില്‍ വന്ന ഈ നിയമപ്രകാരം ഇതുവരെ രജിസ്റ്റര്‍ചെയ്ത 8678 കേസുകളില്‍ 7271 എണ്ണം തീര്‍പ്പാകാതെ കിടക്കുന്നു. ഇത് 83.78 ശതമാനം വരും.

പോക്‌സോ നിയമത്തിലെ 29, 30 ഉപവകുപ്പുകളാണ് മിക്ക കേസുകളിലും ശിക്ഷ ഉറപ്പാക്കാന്‍ സഹായിക്കുന്നതെന്ന് നിയമവിദഗ്ധര്‍ പറയുന്നു. കുറ്റംചെയ്തില്ലെന്ന് സ്ഥാപിക്കേണ്ടത് 29ാം വകുപ്പുപ്രകാരം പ്രതികളുടെ ബാധ്യതയാണ്. അതായത് പ്രതികളാക്കപ്പെട്ടവര്‍ കുറ്റക്കാരാണെന്ന മുന്‍ ധാരണയിലാണ് വിചാരണ തുടങ്ങുന്നത്. മറ്റ് കേസുകളില്‍ മറിച്ചാണ്. പ്രതികള്‍ നിരപരാധികളെന്ന മുന്‍ ധാരണയിലാണ് വിചാരണ നടക്കുക. മറിച്ച് തെളിയിക്കേണ്ടത് പ്രോസിക്യൂഷന്റെ ബാധ്യതയാണ്. 30ാം വകുപ്പ് പ്രകാരം ഇര, അതായത് ലൈംഗിക പീഡനത്തിനിരയായ കുട്ടി കള്ളംപറയില്ലെന്ന മുന്‍ ധാരണയാണ്. ഇവിടെയും മറിച്ച് തെളിയിക്കേണ്ടത് പ്രതിയുടെ ബാധ്യതയാണ്.

കുട്ടികള്‍ക്കെതിരായ മറ്റ് അതിക്രമ കേസുകളില്‍ പാതിമാത്രമേ ശിക്ഷിക്കപ്പെടുന്നുള്ളൂവെന്നത് പോക്‌സോ നിയമത്തിന്റെ ശക്തി വെളിവാക്കുന്നു. ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം കേരളത്തില്‍ 2020ല്‍ തീര്‍പ്പാക്കിയ, കുട്ടികള്‍ക്കെതിരായ 1364 അതിക്രമ കേസുകളില്‍ 53.3 ശതമാനത്തില്‍ മാത്രമേ ശിക്ഷയുണ്ടായുള്ളൂ.

Tags:    

Similar News