കര്‍ഷകരുടെ തല്ല് കൊണ്ട വലഞ്ഞ പോലിസുകാര്‍ ചെങ്കോട്ടയുടെ മതില്‍ ചാടി രക്ഷപ്പെട്ടു; വീഡിയോ പുറത്ത്

കര്‍ഷകരുടെ തല്ല് കൊണ്ട് വലഞ്ഞ ഒരു പറ്റം പോലിസ് ഉദ്യോഗസ്ഥരും സുരക്ഷാ സൈനികരും ചെങ്കോട്ട സമുച്ചയത്തിലെ 15 അടി മതിലിനു മുകളിലൂടെ ചാടാന്‍ നിര്‍ബന്ധിതരാകുന്ന വീഡിയോ ദൃശ്യം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്.

Update: 2021-01-27 02:52 GMT

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 72ാമത് റിപ്പബ്ലിക് ദിനമായ ഇന്നലെ അഭൂതപൂര്‍വമായ അരാജകത്വത്തിനും അക്രമത്തിനുമാണ് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കര്‍ഷകര്‍ ആഹ്വാനം ചെയ്ത ട്രാക്റ്റര്‍ റാലിക്കിടെ നിരവധിയിടങ്ങളിലാണ് കര്‍ഷകരുടെ സംഘങ്ങളമായി പോലിസും സുരക്ഷാ സേനയും ഏറ്റുമുട്ടിയത്. കര്‍ഷകരുടെ തല്ല് കൊണ്ട് വലഞ്ഞ ഒരു പറ്റം പോലിസ് ഉദ്യോഗസ്ഥരും സുരക്ഷാ സൈനികരും ചെങ്കോട്ട സമുച്ചയത്തിലെ 15 അടി മതിലിനു മുകളിലൂടെ ചാടാന്‍ നിര്‍ബന്ധിതരാകുന്ന വീഡിയോ ദൃശ്യം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്. പോലിസിലെ ലാത്തിയും വടിയും ഉപയോഗിച്ച് പൊതിരെ തല്ലുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കര്‍ഷക സംഘടനകള്‍ തിരിച്ചടിച്ചതോടെ ചില പോലിസ് ഉദ്യോഗസ്ഥര്‍ മതില്‍ ചാടുന്നതും ചിലര്‍ മതിലില്‍ അള്ളിപ്പിടിച്ച് തിരിച്ചടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചതിനു പിന്നാലെയാണ് കര്‍ഷകര്‍ തിരിച്ചടിച്ചത്. ചെങ്കോട്ടയുടെ മകുടങ്ങളില്‍ വരെ കയറുകയും കൊടിമരത്തില്‍ സിഖ്(ഖല്‍സ) പതാക നാട്ടുകയും ചെയ്ത പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന് രക്ഷപെടാനായി 15 അടി ഉയരമുള്ള ചെങ്കോട്ടയുടെ ചുറ്റുമതില്‍ പോലിസ് ഉദ്യോഗസ്ഥര്‍ എടുത്ത് ചാടുന്നതാണ് ദൃശ്യങ്ങളില്‍.

Tags:    

Similar News