ഡല്‍ഹി തിരഞ്ഞെടുപ്പു ഫലം: വര്‍ഗീയ രാഷ്ട്രീയത്തിനു മേല്‍ വികസന അജണ്ടയുടെ വിജയം -എസ്ഡിപിഐ
വിദ്വേഷത്തിന്റെ രാഷ്ട്രീയം ഡല്‍ഹിയില്‍ താല്‍ക്കാലികമായി പരാജയപ്പെട്ടുവെന്നും ഇത് രാജ്യത്തിന് ഗുണാല്‍മക സന്ദേശമാണ് നല്‍കുന്നതെന്നും എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് മൈസൂര്‍ പറഞ്ഞു.
ന്യൂഡല്‍ഹി: ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനു മേല്‍ ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) വികസന അജണ്ടയുടെ വിജയമാണ് ഡല്‍ഹി തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നതെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് മൈസൂര്‍. വിദ്വേഷത്തിന്റെ രാഷ്ട്രീയം ഡല്‍ഹിയില്‍ താല്‍ക്കാലികമായി പരാജയപ്പെട്ടുവെന്നും ഇത് രാജ്യത്തിന് ഗുണാല്‍മക സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഏറ്റവും വിഷമയവും അശ്ലീലവുമായിരുന്നു. അതിന്റെ ബഹുമതി ബിജെപിക്ക് നല്‍കണം.
ബിജെപിയുടെ വിദ്വേഷ പ്രചാരണം വന്‍ തോല്‍വിയായി മാറി. ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റത്തെ നിര്‍വീര്യമാക്കുന്നതിന് എതിര്‍ തന്ത്രം ഇല്ലാതിരുന്നതിനാല്‍ ഹിന്ദു വോട്ട് ഏകീകരണത്തിനായി സാമുദായികവും വിദ്വേഷപരവുമായ വാചാടോപങ്ങളെയാണ് ബിജെപി അവലംബിച്ചത്. ബിജെപിയുടെ നെഗറ്റീവ് പ്രചാരണം പല മധ്യവര്‍ഗ ബിജെപി അനുഭാവികളെ പോലും അലോസരപ്പെടുത്തി. 2015ല്‍ ബിജെപി നടത്തിയ നെഗറ്റീവ് പ്രചാരണം നിരസിക്കപ്പെട്ടിരുന്നെങ്കിലും ഉന്നത നേതൃത്വം ചരിത്രത്തില്‍ നിന്ന് പാഠങ്ങളൊന്നും പഠിച്ചില്ല. 2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വന്‍ വിജയമുണ്ടായിട്ടും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആറ് സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ പരാജയപ്പെട്ടു.
2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിനെ തുടര്‍ന്ന് നടപ്പാക്കിയ മുത്വലാഖ്, സിഎഎ, കശ്മീരിലെ വലിയ മാറ്റങ്ങള്‍, രാമക്ഷേത്രനിര്‍മാണത്തിന് അനുകൂലമായി സുപ്രീംകോടതി ഉത്തരവ് എന്നിവയ്ക്ക് ശേഷം ഹിന്ദു വോട്ട് ഏകീകരിക്കുന്നതിനും തങ്ങളുടെ വിജയത്തിന് വഴിയൊരുക്കുമെന്നും ബിജെപി വിശ്വസിച്ചു. അരവിന്ദ് കെജ്രിവാളിന്റെ വിജയം ദില്ലിയിലെ ജനങ്ങള്‍ക്ക് അവരുടെ രാജ്യത്തോട് സ്‌നേഹമുണ്ടെന്നും രാജ്യത്തിന്റെ വികസനത്തെക്കുറിച്ചും അവരുടെ കുട്ടികളുടെ ഭാവിയെക്കുറിച്ചും ആശങ്കയുണ്ടെന്നും അബ്ദുല്‍ മജീദ് പറഞ്ഞു. വിദ്വേഷ രാഷ്ട്രീയം, ഹിന്ദു മുസ്‌ലിം വിഭജന നയം, പാകിസ്ഥാനെക്കുറിച്ചുള്ള വാചാടോപം എന്നിവയെ ഡല്‍ഹിയിലെ വോട്ടര്‍മാര്‍ എഴുതിത്തള്ളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.