ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരേ ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ സര്‍വകലാശാലയില്‍ നടത്തിയ സമരത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന ജാമിഅ കോ-ഓഡിനേഷന്‍ കമ്മിറ്റി അംഗവും എസ്‌ഐഒ പ്രവര്‍ത്തകനുമായ ആസിഫ് ഇഖ്ബാല്‍ തന്‍ഹ(24)യെ റിമാന്റ് ചെയ്തു. ബിഎ പേര്‍ഷ്യന്‍ ലാംഗ്വേജ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. ഷാഹീന്‍ബാഗ് അബുല്‍ ഫസല്‍ എന്‍ക്ലേവ് സ്വദേശിയായ ആസിഫിനെ മെയ് 31 വരെയാണ് തിഹാര്‍ ജയിലില്‍ റിമാന്റ് ചെയ്തത്. ജാമിഅ കോ-ഓഡിനേഷന്‍ കമ്മിറ്റിയില്‍ ആസിഫിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഗവേഷക വിദ്യാര്‍ഥി സഫൂറ സര്‍ഗാറിനെയും പൂര്‍വ വിദ്യാര്‍ഥി ശഫീഉര്‍ റഹ്മാനെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് പോലിസ് നടപടി. പോലിസ് നേരത്തേ ഇദ്ദേഹത്തെ ചോദ്യംചെയ്തു വിട്ടയച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന വര്‍ഗീയാക്രമണ കേസ് അന്വേഷിക്കുന്ന ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്‍ ശനിയാഴ്ച രാത്രിയാണ് ആസിഫിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി പോലിസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ വാങ്ങിയ ആസിഫിനെ ചാണക്യപുരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിലേക്കാണ് ആദ്യം കൊണ്ടുപോയത്. ഇതിനുശേഷം വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.