'മുഗള്‍ ചക്രവര്‍ത്തിയുടെ ഭാര്യയാണ്, ചെങ്കോട്ടയോ അല്ലെങ്കില്‍ നഷ്ടപരിഹാരമോ നല്‍കണം'; ഹരജി ഹൈക്കോടതി തള്ളി

സുല്‍ത്താനാ ബീഗം എന്ന വനിതയാണ് ചെങ്കോട്ടയ്ക്കു മേല്‍ അവകാശവാദം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്. മുഗള്‍ രാജാവായ ബഹാദൂര്‍ ഷാ സഫര്‍ രണ്ടാമന്റെ കൊച്ചുമകന്‍ മിര്‍സ മുഹമ്മദ് ബേദാര്‍ ഭക്തിന്റെ വിധവയാണ് താനെന്നാണ് സുല്‍ത്താനയുടെ വാദം.

Update: 2021-12-20 19:15 GMT

ന്യൂഡല്‍ഹി: ചെങ്കോട്ടയുടെ നിയമപരമായ അവകാശി താനാണെന്ന് അവകാശപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. സുല്‍ത്താനാ ബീഗം എന്ന വനിതയാണ് ചെങ്കോട്ടയ്ക്കു മേല്‍ അവകാശവാദം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്. മുഗള്‍ രാജാവായ ബഹാദൂര്‍ ഷാ സഫര്‍ രണ്ടാമന്റെ കൊച്ചുമകന്‍ മിര്‍സ മുഹമ്മദ് ബേദാര്‍ ഭക്തിന്റെ വിധവയാണ് താനെന്നാണ് സുല്‍ത്താനയുടെ വാദം.

സുല്‍ത്താനയുടെ ഭര്‍ത്താവ് 1980 മേയ് 22ന് അന്തരിച്ചിരുന്നു. ഡല്‍ഹിയിലെ ചെങ്കോട്ടയുടെ നിയമപരമായ അവകാശി താനാണെന്നും 1857ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇത് അനധികൃതമായി പിടിച്ചെടുക്കുകയായിരുന്നെന്നും സുല്‍ത്താന പറയുന്നു. ചെങ്കോട്ട തനിക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണം. അല്ലെങ്കില്‍ 1857 മുതല്‍ ഇന്നുവരെ അനധികൃതമായി കൈവശംവെച്ചതിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും സുല്‍ത്താന ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ജസ്റ്റിസ് രേഖാ പള്ളിയുടെ ഏകാംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കോടതിയെ സമീപിച്ചതിലെ അത്യധിക കാലതാമസം ചൂണ്ടിക്കാണിച്ച് ജസ്റ്റിസ് ഹര്‍ജി തള്ളി.'1857ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തന്നോട് അന്യായം കാണിച്ചുവെന്നാണ് ഹര്‍ജിക്കാരി ആരോപിക്കുന്നത്. 150 വര്‍ഷത്തെ കാലതാമസം എന്തുകൊണ്ടുവന്നു? ഇക്കാലമത്രയും നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നുവെന്നും ഹരജി തള്ളികൊണ്ട് ജസ്റ്റിസ് ആരാഞ്ഞു.

Tags:    

Similar News