ഹവാല കേസിലെ മുഖ്യപ്രതി, മനോനില തെറ്റിയവരെ പോലെ പെരുമാറുന്നു; ഗവര്‍ണര്‍ക്കെതിരേ ആഞ്ഞടിച്ച് സിപിഎം- സിപിഐ മുഖപത്രങ്ങള്‍
കോഴിക്കോട്: സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് പുതിയ തലത്തിലേക്ക് നീങ്ങുന്നു. ചരിത്ര കോണ്‍ഗ്രസിലുണ്ടായ സംഭവങ്ങളുടെ പേരില്‍ സര്‍ക്കാരിനെതിരേ രാജ്ഭവനില്‍ വാര്‍ത്താസമ്മേളനം വിളിച്ചതിന് പിന്നാലെ ഗവര്‍ണര്‍ക്കെതിരേ ആഞ്ഞടിച്ച് സിപിഎം- സിപിഐ മുഖപത്രങ്ങളായ ദേശാഭിമാനിയും ജനയുഗവും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജയിന്‍ ഹവാല കേസിലെ മുഖ്യപ്രതിയാണെന്ന് ദേശാഭിമാനിയും ഗവര്‍ണറുടേത് ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയമാണെന്നും മനോനില തെറ്റിയവരെ പോലെയാണ് അദ്ദേഹം പെരുമാറുന്നതെന്നും ജനയുഗവും കുറ്റപ്പെടുത്തി.
സ്വന്തം നേട്ടങ്ങള്‍മാത്രം ലക്ഷ്യമിട്ടുള്ള ആരിഫ് മൊഹമ്മദ് ഖാന്റെ രാഷ്ട്രീയ ജീവിതത്തില്‍ അഴിമതിയുടെ കളങ്കവും ആവോളമുണ്ടെന്നും നിലപാട് വിറ്റ് ബിജെപിയിലെത്തിയ ആളാണ് അദ്ദേഹമെന്നും ജയിന്‍ ഹവാല കേസിലെ മുഖ്യപ്രതി, എന്നും പദവിക്ക് പിന്നാലെ നിലപാടുകള്‍ വിറ്റ് ബിജെപിയില്‍ എന്നിങ്ങനെയുള്ള തലക്കെട്ടുകളോടെ ദേശാഭിമാനിയിലെഴുതിയ ലേഖനങ്ങളില്‍ കുറ്റപ്പെടുത്തുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ മാറുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ച അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച അഴിമതിക്കേസിലും പ്രതിയായിരുന്നു. ജയിന്‍ ഹവാല ഇടപാടില്‍ ഏറ്റവും കൂടുതല്‍ പണം കൈപ്പറ്റിയ രാഷ്ട്രീയ നേതാവും ആരിഫ് മൊഹമ്മദ് ഖാനാണ്.
മാധ്യമപ്രവര്‍ത്തകന്‍ സഞ്ജയ് കപൂര്‍ എഴുതിയ 'ബാഡ് മണി, ബാഡ് പൊളിറ്റിക്‌സ്- ദി അണ്‍ടോള്‍ഡ് ഹവാല സ്‌റ്റോറി' എന്ന പുസ്തകം അഴിമതിയുടെ ഉള്ളറകള്‍ തുറക്കുന്നതാണ്. ഇടതുപക്ഷ നേതാക്കളില്‍ ഒരാള്‍പോലും ജയിന്‍ ഹവാല കേസില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇതില്‍ ഉള്‍പ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആളായാണ് ആരിഫ് മൊഹമ്മദ് ഖാനെ വിശേഷിപ്പിക്കുന്നത്. മുഖ്യപ്രതിയായ സുരേന്ദര്‍ ജയിനിന്റെ കുറ്റസമ്മത മൊഴിയിലും സിബിഐ കുറ്റപത്രത്തിലും ആരിഫ് മൊഹമ്മദ് ഖാന്റെ പങ്ക് എടുത്ത്ുപറയുന്നുണ്ട്.
മന്ത്രിയായും ജനപ്രതിനിധിയായും പ്രവര്‍ത്തിക്കുമ്പോള്‍ അധികാര ദുര്‍വിനിയോഗം നടത്തി പണം സമ്പാദിച്ച ആരിഫ് മൊഹമ്മദ് ഖാന്റെ തനിനിറം പുറത്തുകൊണ്ടുവരുന്നതാണ് സഞ്ജയ് കപൂറിന്റെ പുസ്തകം. തെളിവുകളുണ്ടായിട്ടും ഉന്നത ഇടപെടലുകളെത്തുടര്‍ന്ന് കേസ് അട്ടിമറിക്കപ്പെട്ടു. ഡയറിക്കുറിപ്പുകള്‍ തെളിവായി പരിഗണിക്കില്ലെന്ന കോടതി നിലപാടാണ് ഹവാല ഇടപാടുകാര്‍ക്ക് തുണയായത്. ഇത്തരത്തില്‍ ഹവാല അഴിമതി ആരോപണം നേരിട്ടയാളാണ് ഒരു അഴിമതിയിലും ഉള്‍പ്പെടാത്ത ഇടതുപക്ഷത്തിനെതിരേ ആരോപണങ്ങളുമായി രംഗത്തുവരുന്നതെന്ന് ദേശാഭിമാനി ലേഖനം പറയുന്നു.
ഗവര്‍ണര്‍ ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയത്തിന് രാജ്ഭവനെ വേദിയാക്കുകയാണെന്ന് മലിനമാക്കപ്പെടുന്ന രാജ്ഭവനുകള്‍ എന്ന തലക്കെട്ടില്‍ ജനയുഗത്തിലെഴുതിയ മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. അദ്ദേഹം സ്വീകരിക്കുന്ന പല നടപടികളും ആ പദവി (അനാവശ്യമായതെങ്കിലും) ക്കു ഒട്ടും യോജിച്ചതല്ലെന്ന് വ്യക്തമാക്കിയതാണ്. എങ്കിലും അദ്ദേഹം വീണ്ടുമത് മനോനില തെറ്റിയവരെപ്പോലെ ആവര്‍ത്തിക്കുന്നതിനു പിന്നിലെ ചേതോവികാരം എന്താണെന്ന് വ്യക്തമാവുന്നില്ല.
സംസ്ഥാന രാജ്ഭവനെ 'ഗുണ്ടാരാജ്ഭവനാ'ക്കിയതുപോലെയായിരുന്നു ഗവര്‍ണറുടെ വാര്‍ത്താസമ്മേളനമെന്നും മുഖപ്രസംഗം പറയുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ധൂര്‍ത്തിനെക്കുറിച്ച് വിമര്‍ശനമുന്നയിച്ച ഗവര്‍ണര്‍ക്ക് മറുപടിയും നല്‍കുന്നുണ്ട്. രാജ്ഭവനിലാണ് കോടികളുടെ ധൂര്‍ത്ത് നടക്കുന്നതെന്നും കാലഹരണപ്പെട്ട തസ്തികകളില്‍പോലും ജീവനക്കാരെ നിലനിര്‍ത്തുകയും പുതിയ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തുകയും ചെയ്യുന്ന ഗവര്‍ണറാണ് സര്‍ക്കാരിന്റെ ധൂര്‍ത്തിനെക്കുറിച്ച് പറയുന്നത്. കുറഞ്ഞത് അക്കാര്യങ്ങളിലെങ്കിലും പറയുന്ന വാക്കിനോട് നീതി പുലര്‍ത്താന്‍ സന്നദ്ധമാവാതെ പുലഭ്യം വിളിച്ചുപറഞ്ഞ് രാജ്ഭവനെ മലിനമാക്കുന്ന നടപടി ഗവര്‍ണര്‍ക്ക് തീരെ യോജിച്ചതല്ലെന്ന് ജനയുഗം വിമര്‍ശിക്കുന്നു.