സുപ്രിംകോടതി വിധി പാലിക്കാതെ കശ്മീരില്‍ വീടുകള്‍ പൊളിച്ച് അധികൃതര്‍

Update: 2025-04-27 02:20 GMT
സുപ്രിംകോടതി വിധി പാലിക്കാതെ കശ്മീരില്‍ വീടുകള്‍ പൊളിച്ച് അധികൃതര്‍

ശ്രീനഗര്‍: നോട്ടീസ് നല്‍കി മാത്രമേ നിര്‍മാണങ്ങള്‍ പൊളിക്കാവൂയെന്ന സുപ്രിംകോടതി വിധി ലംഘിച്ച് കശ്മീരില്‍ വീടുകള്‍ പൊളിച്ച് അധികൃതര്‍. പഹല്‍ഗാം ആക്രമണത്തില്‍ പങ്കുണ്ടെന്നും നിരോധിത സംഘടനകളിലെ അംഗങ്ങളാണെന്നും പറയപ്പെടുന്നവരുടെ വീടുകളാണ് നോട്ടിസ് പോലും നല്‍കാതെ പൊളിക്കുന്നത്. തെക്കന്‍ കശ്മീരില്‍ മാത്രം ഇതുവരെ ഏഴു വീടുകളാണ് പൊളിച്ചിരിക്കുന്നത്. നിരോധിത സംഘടനയായ ലഷ്‌കര്‍ ഇ ത്വയിബയുടെ പ്രവര്‍ത്തകര്‍ എന്ന് ആരോപിക്കപ്പെടുന്നവരുടെ പുല്‍വാമയിലേയും കുല്‍ഗാമിലെയും അനന്ത് നാഗിലെയും (ഇസ്‌ലാമാബാദ്) വീടുകളാണ് പൊളിച്ചിരിക്കുന്നത്.


 പുല്‍വാമയിലെ മൂരാന്‍ ഗ്രാമത്തിലെ അഹ് സാനുല്‍ ഹഖ് ശെയ്ഖ്, ഹാരിസ് അഹമദ്, കുല്‍ഗാമിലെ മതല്‍ഹാമയിലെ സാക്കിര്‍ അഹമ്മദ് ഘനി, സാഹിദ് അഹമദ്, ഷോപ്പിയാനിലെ ഷാഹിദ് അഹമദ് കുതേ, ത്രാലിലെ ആസിഫ് അഹമ്മദ് ശെയ്ഖ്, അനന്ത്‌നാഗിലെ ആദില്‍ തോക്കര്‍ എന്നിവരുടെ വീടുകളാണ് പൊളിച്ചത്.വടക്കന്‍ കശ്മീരിലെ കുപ്‌വാരയിലെ ഫാറൂഖ് അഹമദ് തദ്‌വയുടെ വീടും പൊളിച്ചു.

ഇതില്‍ ആസിഫ് അഹമ്മദ് ശെയ്ഖും ആദില്‍ തോക്കറും പഹല്‍ഗാം ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് പോലിസ് പറയുന്നു. സാക്കിര്‍ അഹമ്മദ് ഘനിയും സാഹിദ് അഹമദും 2022-23 കാലത്ത് സായുധസംഘങ്ങളില്‍ ചേര്‍ന്നുവെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.

വീടുകളുടെ ഉടമകള്‍ക്ക് നോട്ടിസ് നല്‍കാതെ വീടുകള്‍ പൊളിക്കരുതെന്ന് 2024 നവംബറിലാണ് സുപ്രിംകോടതി ഉത്തരവിട്ടിരുന്നത്. താമസിക്കാനുള്ള അവകാശം ഭരണഘടനാപരമാണെന്നാണ് സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിരുന്നത്.

ത്രാലിലെ ആസിഫ് ശെയ്ഖിന്റെ വീടെന്ന് പറയുന്ന വീട്ടില്‍ രണ്ടു മുറികള്‍ മാത്രമേ കുടുംബത്തിന്റേതായി ഉണ്ടായിരുന്നുള്ളൂയെന്ന് സഹോദരി യസ്മീന പറയുന്നു. ''വല്ലുപ്പ നിര്‍മിച്ച വീട്ടില്‍ ഞങ്ങള്‍ക്ക് രണ്ട് മുറികളുടെ അവകാശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, അവര്‍ വീട് മൊത്തമായി തകര്‍ത്തു. ആസിഫ് ശെയ്ഖ് ആക്രമണത്തില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ തന്നെ കുടുംബം എന്തു ചെയ്യാനാണ്. ''-യസ്മിന പറഞ്ഞു.

വ്യാഴാഴ്ച രാത്രിയാണ് ആദില്‍ തോക്കറിന്റേതാണ് എന്ന് പറയുന്ന വീട് പൊളിച്ചത്. ഗ്രാമം മുഴുവന്‍ ഒഴിപ്പിച്ചാണ് തങ്ങളുടെ വീട് പൊളിച്ചതെന്ന് ആദിലിന്റെ മാതാവ് ഷെഹ്‌സാദ ബാനു പറഞ്ഞു. മരിച്ചുപോയ ഭര്‍ത്താവിന്റെ പേരിലാണ് വീടെന്നും ആദിലിന് അവകാശം നല്‍കിയിട്ടില്ലെന്നും ഷെഹ്‌സാദ വിശദീകരിച്ചു.എന്നാല്‍, വീടുകളില്‍ സൂക്ഷിച്ചിരുന്ന ബോംബുകള്‍ പൊട്ടിത്തെറിക്കുകയാണ് ചെയ്യുന്നത് എന്ന് ചില ഉദ്യോഗസ്ഥര്‍ പറഞ്ഞതായും റിപോര്‍ട്ടുകളുണ്ട്.

Similar News