'അങ്ങനെയെങ്കില്‍ അമ്പലം മുഴുവന്‍ ശുദ്ധി കലശം നടത്തണ്ടേ'; ജാതിവിവേചനത്തില്‍ തന്ത്രി സമാജത്തിനെതിരേ മന്ത്രി

Update: 2023-09-20 11:13 GMT

തിരുവനന്തപുരം: പയ്യന്നൂര്‍ ക്ഷേത്രത്തിലെ ജാതിവിവേചന വിഷയത്തില്‍ യോഗക്ഷേമസഭയുടെയും അഖില കേരള തന്ത്രി സമാജത്തിന്റെയും വിശദീകരണത്തിനെതിരേ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. അവര്‍ അവരുടെ കാര്യമാണ് പറയുന്നതെന്നും ഞാന്‍ എന്റെ കാര്യമാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലെത്തുന്ന പൂജാരി ശുദ്ധി നിലനിര്‍ത്താനാണ് മറ്റുള്ളവരെ സ്പര്‍ശിക്കാത്തതെന്ന് വാിക്കുമ്പോള്‍, അങ്ങനെയെങ്കില്‍ അവര്‍ ക്ഷേത്രത്തില്‍ നിന്നു പുറത്തിറങ്ങാന്‍ പാടുണ്ടോ. പുറത്തിറങ്ങിയശേഷം അകത്തേക്ക് പോവാനും പാടുണ്ടോയെന്ന് മന്ത്രി ചോദിച്ചു. ഇത് ആരെങ്കിലുമായും വഴക്കുണ്ടാക്കാനല്ല പറയുന്നത്. ദേവപൂജ കഴിയും വരെ ആരെയും തൊടില്ലെങ്കില്‍ പിന്നെ എന്തിനാണ് പുറത്തിറങ്ങിയത്. ജനങ്ങളെ തൊട്ടിട്ടല്ലേ പൂജാരി അകത്തേക്ക് പോയത്. അതു ശരിയാണോ?. അങ്ങനെയെങ്കില്‍ അമ്പലം മുഴുവന്‍ ശുദ്ധി കലശം നടത്തണ്ടേയെന്നും മന്ത്രി ചോദിച്ചു. അവിടെ വച്ച് പൂജാരിക്ക് പൈസ കിട്ടിയാല്‍ അത് അമ്പലത്തിലേക്ക് കൊണ്ടുപോവില്ലേ.

    പൈസ കൊണ്ടുപോവുമ്പോള്‍ അയിത്തമില്ല. മനുഷ്യന് മാത്രം അയിത്തം കല്‍പ്പിക്കുന്ന ഏതു രീതിയോടും യോജിക്കാന്‍ കഴിയില്ല. അയിത്തം വേണം അനാചാരം വേണം എന്ന അഭിപ്രായമുള്ളവരുമുണ്ടാവാം. അത്തരക്കാര്‍ക്ക് അതു പറയാനുള്ള അവകാശമുണ്ട്. ആ അവകാശത്തെ നിഷേധിക്കുന്നില്ല. പക്ഷേ, അത് സമ്മതിക്കില്ലെന്ന് പറയാനുള്ള അവകാശവും നമുക്ക് ഉണ്ടാവണം. അതാണ് ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും മന്ത്രി രാധാകൃഷ്ണന്‍ പറഞ്ഞു. ഇപ്പോള്‍ ഇത് പറയാന്‍ പ്രേരിപ്പിച്ചത് കോട്ടയത്ത് ഒരു സമുദായസംഘടനയുടെ സമ്മേളനത്തില്‍ പോയപ്പോഴാണ്. ആനുകൂല്യങ്ങളുടെ വര്‍ധനവിനെക്കുറിച്ച് അവര്‍ ആവശ്യമുന്നയിച്ചു. അപ്പോഴാണ് ആനുകൂല്യം കൊണ്ടു മാത്രം പ്രശ്‌നം പരിഹരിക്കുന്നില്ലെന്നും രാജ്യത്ത് നടക്കുന്ന വിവേചനങ്ങള്‍ വര്‍ധിച്ചുവരുന്ന കാര്യം ചൂണ്ടിക്കാട്ടിയത്. ജാതി വ്യവസ്ഥയുടെ ദുരന്തങ്ങള്‍ അടുത്തകാലത്തായി കൂടുകയാണ്. ഇപ്പോള്‍ ചോദ്യം ചെയ്തില്ലെങ്കില്‍ ഉത്തരേന്ത്യയില്‍ നടക്കുന്നതു പോലെയുള്ള കാര്യങ്ങള്‍ നടക്കും. മത-ജാതി ഭേദമന്യേ എല്ലാവരും ഇതിനെ ചോദ്യം ചെയ്യണം. അയിത്തത്തെ കേരളീയ സമൂഹം ഇല്ലാതാക്കിയതാണ്. അതിനെ തിരിച്ചുകൊണ്ടുവരാനാണ് ശ്രമിക്കുന്നത്. അതിനെ പൊതുസമൂഹം ചോദ്യം ചെയ്യണമെന്നും മന്ത്രി രാധാകൃഷ്ണന്‍ പറഞ്ഞു.

Tags:    

Similar News