ധര്‍മയുദ്ധത്തില്‍ കീഴടങ്ങി ധര്‍മജന്‍; ബാലുശേരിയില്‍ സച്ചിന്‍ദേവ്
20,223 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സച്ചിന്‍ദേവ് നിയമസഭയിലേക്ക് നടന്നുകയറിയത്.
കോഴിക്കോട്: ബാലുശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം സച്ചിന്‍ദേവിന് മിന്നുംവിജയം.ലീഡ് നില മാറി മറിഞ്ഞ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിനിമാതാരവുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെയാണ് സച്ചിന്‍ദേവ് പരാജയപ്പെടുത്തിയത്. 20,223 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സച്ചിന്‍ദേവ് നിയമസഭയിലേക്ക് നടന്നുകയറിയത്.
ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്ത് നിന്ന് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ് സച്ചിന്‍ദേവ്. ബാലുശേരിയില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വന്നതോടെയാണ് മണ്ഡലം ശ്രദ്ധാകേന്ദ്രമായത്. ഇടതുപക്ഷത്തിന്റെ ഉറച്ചമണ്ഡലമായ ബാലുശേരിയില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ നിര്‍ത്തി മണ്ഡലം പിടിക്കാനായിരുന്നു യുഡിഎഫിന്റെ തന്ത്രം.
യുഡിഎഫ് അനുകൂല മണ്ഡലമായ കൂരാച്ചുണ്ടില്‍ ഒഴികെ ഒരിടത്തും ധര്‍മ്മജന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. കോഴിക്കോട് ജില്ലയിലെ അത്തോളി, ബാലുശ്ശേരി, കായണ്ണ, കൂരാച്ചുണ്ട്, കൊട്ടൂര്‍, നടുവണ്ണൂര്‍, പനങ്ങാട്, ഉള്ളിയേരി, ഉണ്ണികുളം എന്നീ ഗ്രാമപ്പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് ബാലുശേരി നിയമസഭാമണ്ഡലം. 1977 മുതല്‍ ഇടതുപക്ഷത്തെ മാത്രം തുണച്ച മണ്ഡലമാണെന്ന പ്രത്യേകതയും ബാലുശ്ശേരിക്കുണ്ട്. 2011ല്‍ ഇടതുശക്തികേന്ദ്രങ്ങളായ നന്മണ്ട, തലക്കുളത്തൂര്‍, എലത്തൂര്‍ പഞ്ചായത്തുകളാണ് മണ്ഡലം പുനര്‍നിര്‍ണ്ണയിച്ചതോടെ എലത്തൂര്‍ നിയോജക മണ്ഡലത്തിന്റെ ഭാഗമായിരുന്നു. ഇതോടെയാണ് ബാലുശ്ശേരി മണ്ഡലത്തിന്റെ മൊത്തം മുഖച്ഛായ തന്നെ മാറി. ഇതോടൊപ്പം കുരാച്ചുണ്ട്, ഉണ്ണികുളം, നടുവണ്ണൂര്‍ എന്നീ യുഡിഎഫിന്റെ കോട്ടകളെല്ലാം ബാലുശ്ശേരിയുടെ ഭാഗമായി. ബാലുശ്ശേരിയുടെ ഭാഗമായ ഒമ്പത് പഞ്ചായത്തുകളില്‍ മൂന്നിടത്തും യുഡിഎഫും 6 ഇടത്ത് എല്‍ഡിഎഫുമാണ് ഭരിക്കുന്നത്.
കഴിഞ്ഞ രണ്ടുതവണയും സിപിഎം നേതാവായിരുന്ന പുരുഷന്‍ കടലുണ്ടിയായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്.