ക്രിമിനല്‍ കേസില്‍ വെറുതെവിട്ട പോലിസുകാരനെതിരായ അച്ചടക്ക നടപടി സുപ്രിംകോടതി റദ്ദാക്കി; 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസില്‍ ഹൈക്കോടതി വെറുതെവിട്ട പോലിസുകാരനെതിരായ അച്ചടക്ക നടപടി സുപ്രിംകോടതി റദ്ദാക്കി. ബിഹാര്‍ പോലിസിലെ ഉദ്യോഗസ്ഥനായിരുന്ന മഹാറാണ പ്രതാപ് സിങിനെതിരായ അച്ചടക്ക നടപടിയാണ് ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്തയും പ്രശാന്ത് കുമാര്‍ മിശ്രയും റദ്ദാക്കിയത്. ഇയാള്‍ക്കെതിരെ പോലിസ് കൊണ്ടുവന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ഹൈക്കോടതി വെറുതെവിട്ടതിനാല്‍ അച്ചടക്ക നടപടിയും റദ്ദാക്കുന്നു. തെറ്റായ നടപടികളുടെ അടിസ്ഥാനത്തില്‍ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട മഹാറാണ പ്രതാപ് സിങിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ബിഹാര്‍ സര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം നല്‍കി.
ക്രിമിനല്‍ കേസില്‍ പോലിസ് കൊണ്ടുവന്ന ആരോപണങ്ങളും തെളിവുകളും സാഹചര്യങ്ങളും തന്നെയാണ് അച്ചടക്ക നടപടിയിലും ഉപയോഗിച്ചതെന്ന് കോടതി വിശദീകരിച്ചു. അതിനാല്‍ ക്രിമിനല്‍ കേസില്‍ കോടതി ആരോപണവിധേയനെ വെറുതെവിട്ടാല്‍ അച്ചടക്ക നടപടിയും ഇല്ലാതാവും.
'' ക്രിമിനല്‍ കേസില്‍ വെറുതെവിടുന്നത് കൊണ്ട് അച്ചടക്ക നടപടി ഇല്ലാതാവില്ല. പക്ഷേ, വകുപ്പുതല അന്വേഷണത്തില്‍ ക്രിമിനല്‍ കേസിലെ അതേ തെളിവുകളും സാക്ഷികളും മൊഴികളും സാഹചര്യങ്ങളുമാണ് ഉള്ളതെങ്കില്‍ വ്യത്യസ്തമായ അവസ്ഥയുണ്ടാക്കും. അങ്ങനെയുണ്ടായാല്‍ അച്ചടക്ക നടപടി അന്യായമായി മാറും''-കോടതി വിശദീകരിച്ചു.
ഭീഷണിപ്പെടുത്തി പണം തട്ടി എന്നതായിരുന്നു ബിഹാര്‍ സിഐഡിയിലെ ഡോഗ് സ്‌ക്വോഡിലെ ഉദ്യോഗസ്ഥനായിരുന്ന മഹാറാണ പ്രതാപ് സിങിനെതിരായ ആരോപണം. ക്രിമിനല്‍ കേസിലെ നടപടികള്‍ പൂര്‍ത്തിയായ ശേഷമേ അച്ചടക്ക നടപടിയില്‍ അന്വേഷണം നടത്താവൂയെന്ന് സിങ് അഭ്യര്‍ത്ഥിച്ചിരുന്നു. കോടതിയില്‍ തെളിവുകള്‍ നല്‍കുന്നതിന് മുമ്പ് അച്ചടക്ക നടപടിയില്‍ തെളിവുകള്‍ നല്‍കുന്നത് യുക്തിഭദ്രമല്ലെന്നാണ് സിങ് വാദിച്ചത്. തന്റെ വാദങ്ങള്‍ നേരത്തെ തന്നെ പ്രോസിക്യൂഷന് ലഭിക്കുമെന്നായിരുന്നു വാദം. എന്നാല്‍. ഇത് അംഗീകരിക്കപ്പെട്ടില്ല. തുടര്‍ന്ന് 1996 ജൂണ്‍ ഒന്നിന് സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. വിചാരണക്കോടതി സിങിനെ ശിക്ഷിച്ചെങ്കിലും ഹൈക്കോടതി വെറുതെവിട്ടു. വിചാരണക്കോടതിക്ക് ഗുരുതരമായ വീഴ്ച്ച പറ്റി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി. പക്ഷേ, പിരിച്ചുവിടല്‍ ഉത്തരവ് ശരിവച്ചു. ഇതിനെ ചോദ്യം ചെയ്താണ് സിങ് സുപ്രിംകോടതിയെ സമീപിച്ചത്.