യുപിയില്‍ മടങ്ങിയെത്തിയവര്‍ക്ക് മേല്‍ അണുനാശിനി തളിച്ചു
ലോക്ക് ഡൗണില്‍ തൊഴിലും താമസ സൗകര്യവും ലഭിക്കാതായതോടെയാണ് പലരും കിലോ മീറ്ററുകള്‍ക്കപ്പുറത്തേക്കുള്ള സ്വന്തം നാട്ടിലേക്ക് പലായനം ചെയ്യേണ്ടിവന്നത്
ന്യൂഡല്‍ഹി: യുപിയില്‍ മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് മേല്‍ അണുനാശിനി തളിച്ചു. കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള രാജ്യവ്യാപകമായ ലോക്ക് ഡൗണിനിടയില്‍ സ്വന്തം നാട്ടിലേയ്ക്ക് കുടിയേറ്റ തൊഴിലാളികൾ കൂട്ടപ്പലായനം നടത്തിയിരുന്നു. ലോക്ക് ഡൗണില്‍ തൊഴിലും താമസ സൗകര്യവും ലഭിക്കാതായതോടെയാണ് പലരും കിലോ മീറ്ററുകള്‍ക്കപ്പുറത്തേക്കുള്ള സ്വന്തം നാട്ടിലേക്ക് പലായനം ചെയ്യേണ്ടിവന്നത്.
ലോക്ക് ഡൗണില്‍ പുറത്തിറങ്ങരുതെന്നും കൂട്ടം കൂടരുതെന്നുമുള്ള നിര്‍ദേശങ്ങള്‍ നിലനില്‍ക്കെ തൊഴിലാളികൾ പലായനത്തിന് വിധേയമായത് വലിയ ആശങ്കകൾക്ക് വഴിവച്ചിരുന്നു. എന്നാലിപ്പോള്‍ ഇത്തരത്തില്‍ ഉത്തര്‍പ്രദേശിലെത്തിയ ഒരു കൂട്ടം തൊഴിലാളികള്‍ക്ക് മേല്‍ അണുനാശിനി തളിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
ഉത്തര്‍ പ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം. സുരക്ഷാവസ്ത്രങ്ങളണിഞ്ഞ ചിലര്‍ റോഡില്‍ ഇരിക്കുന്നവരുടെ മേല്‍ അണുനാശിനി തളിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ മേലാണ് അണുനാശിനി തളിക്കുന്നത്. നിങ്ങളുടെ കണ്ണുകള്‍ അടയ്ക്കുക, കുട്ടികളുടെ കണ്ണുകളും പൊത്തിപ്പിടിക്കുക എന്ന് ഒരാള്‍ പറയുന്നത് കേള്‍ക്കാം. പോലിസുകാര്‍ അടക്കം സംഭവത്തിന് സാക്ഷികളായിരുന്നു.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സംഭവത്തെ അപലപിച്ച് രംഗത്തെത്തി. ഈ പ്രതിസന്ധിക്കെതിരെ നാമെല്ലാവരും ഒരുമിച്ച് പോരാടുകയാണ്. പക്ഷേ, ദയവായി ഇത്തരം മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് യുപി സർക്കാരിനോട് അഭ്യർത്ഥിച്ചുകൊണ്ടാണ് വീഡിയോ അവർ ട്വിറ്ററില്‍ പങ്കുവച്ചത്.