വാക്കുതര്‍ക്കം: ഇടുക്കിയില്‍ അതിഥി തൊഴിലാളി ബന്ധുവിനെ കൊന്ന് കുഴിച്ചുമൂടി

ഝാര്‍ഖണ്ഡ് സ്വദേശി ഖന്ദൂര്‍ ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ ദേവ് ചരണ് റാം ആണ് ഖന്ദൂറിനെ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.

Update: 2021-07-08 19:21 GMT

ഇടുക്കി: ഇടുക്കി രാജാക്കാട് അതിഥി തൊഴിലാളിയെ ബന്ധു കൊന്നുകുഴിച്ചുമൂടി. ഝാര്‍ഖണ്ഡ് സ്വദേശി ഖന്ദൂര്‍ ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ ദേവ് ചരണ് റാം ആണ് ഖന്ദൂറിനെ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. രാജാക്കാട് മമ്മട്ടിക്കാനത്തെ ഏലത്തോട്ടത്തിലെ തൊഴിലാളികളാണ് ഇരുവരും.

ജോലിക്ക് ശേഷം രാത്രിയില്‍ മദ്യപിക്കുക ഇവരുടെ പതിവാണ്. ഇന്നലെ അമിതമായി മദ്യപിക്കുകയും ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് ഖന്ദൂര്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ ദേവ് ചരണ്‍ മണ്‍വെട്ടികൊണ്ട് അടിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പായപ്പോള്‍ ഇവര്‍ താമസിക്കുന്ന ഷെഡ്ഡിന് പിന്‍വശത്ത് മൃതദേഹം കുഴിച്ചുമൂടി. രാവിലെ ഖന്ദൂറിനെ കാണാതായപ്പോള്‍ കൂടെ താമസിക്കുന്ന ആളുകള്‍ തോട്ടമുടമയെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം മറവ് ചെയ്തത് കണ്ടത്. ഖന്ദൂറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഝാര്‍ഖണ്ഡിലേക്ക് കൊണ്ടുപോകും. അറസ്റ്റിലായ ദേവ് ചരണിനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് രാജാക്കാട് പൊലീസ് അറിയിച്ചു.

Tags:    

Similar News