'ഇത് ചെയ്തത് മറുവിഭാഗമാണെന്ന് തോന്നുന്നു'; ഗസ ആശുപത്രി കൂട്ടക്കൊലയില്‍ ഇസ്രായേലിനെ വെള്ളപൂശി ജോ ബൈഡന്‍

Update: 2023-10-18 10:53 GMT

തെല്‍അവീവ്: ഗസ മുനമ്പിലെ അല്‍ അഹ് ലി അറബി ആശുപത്രിയില്‍ ബോംബിട്ട് 500ലേറെ പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇസ്രായേലിനെ വെള്ളപൂശി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെയാണ് ആക്രമണത്തിനു പിന്നില്‍ നിങ്ങളല്ലെന്നും ഇത് ചെയ്തത് മറുവിഭാഗമാണെന്ന് തോന്നുന്നുവെന്നും ബൈഡന്‍ പറഞ്ഞത്. 'ആക്രമണത്തിന് പിന്നില്‍ നിങ്ങളല്ല, മറുവിഭാഗമാണെന്ന് തോന്നുന്നുവെന്നായിരുന്നു ബൈഡന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനോട് പറഞ്ഞത്. ആശുപത്രി ആക്രമണം ഞെട്ടിച്ചുവെന്നും ഏറെ രോഷം കൊള്ളിച്ചെന്നും ബൈഡന്‍ പ്രതികരിച്ചു. ലോകവ്യാപകമായി ഇസ്രായേലിന്റെ ആശുപത്രി കൂട്ടക്കൊലയില്‍ പ്രതിഷേധം ഉയരുന്നിതിനിടെയാണ് ബൈഡന്റെ നിലപാട്. അതേസമയം, ഹമാസിന്റെ ആക്രമണത്തിന് ആവശ്യമായ പ്രത്യാക്രമണം മാത്രമേ സ്വീകരിക്കാവൂ എന്നും നെതന്യാഹുവിനെ ഉപദേശിച്ചു. ബൈഡനാണ് യഥാര്‍ഥ സുഹൃത്തെന്നും യുദ്ധഘട്ടത്തില്‍ ഇസ്രായേല്‍ സന്ദര്‍ശിക്കാന്‍ കാണിച്ച മനസ് അദ്ദേഹത്തിന്റെ അഗാധ സ്‌നേഹമാണ് കാണിക്കുന്നതെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

    ഇസ്രായേല്‍ ആശുപത്രി ആക്രമണം നടത്തിയതിനു പിന്നാലെ വിവിധ അറബ് നേതാക്കള്‍ ബൈഡനുമായി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയിരുന്നു. ആശുപത്രിയിലെ ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ സൈന്യമല്ലെന്ന് നെതന്യാഹുവും വാദിച്ചിരുന്നു. അതിനിടെ, ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 3300 കവിഞ്ഞു. ബോംബ് വര്‍ഷിച്ച ആശുപത്രി കെട്ടിടത്തിനടിയില്‍ നൂറുകണക്കിനു പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും റിപോര്‍ട്ടുകളുണ്ട്.  

Tags:    

Similar News