'നീതിയെ പരിഹസിക്കരുത്'; യുഎപിഎ കേസില്‍ വിചാരണ വൈകിയതിന് എന്‍ഐഎയ്ക്ക് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം

Update: 2024-07-03 14:29 GMT

ന്യൂഡല്‍ഹി: യുഎപിഎ കേസില്‍ നാലുവര്‍ഷമായി ജയിലില്‍കഴിയുന്നയാളുടെ വിചാരണ വൈകിപ്പിച്ചതിന് എന്‍ഐഎ(ദേശീയ അന്വേഷണ ഏജന്‍സി)യ്ക്ക് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം. നാല് വര്‍ഷമായി ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിനിടെയാണ് രൂക്ഷമായി വിമര്‍ശിച്ചത്. യുഎപിഎ പ്രകാരം ചുമത്തിയ കേസിലെ പ്രതി ജാവേദ് ഗുലാംനബി ഷെയ്ഖിനെ ജാമ്യത്തില്‍ വിടാന്‍ വിസമ്മതിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ ഉള്‍പ്പെടുന്ന ബെഞ്ചിന്റെ വിമര്‍ശനം. നീതിയെ പരിഹസിക്കരുതെന്നും എത്ര ഗുരുതരമായ കുറ്റം ആരോപിക്കപ്പെട്ടിട്ടുണ്ടെങ്കിലും വേഗത്തിലുള്ള വിചാരണയ്ക്ക് അദ്ദേഹത്തിന് അവകാശമുണ്ടെന്നും ജസ്റ്റിസ് പര്‍ദിവാല പറഞ്ഞു.

    'നീതിയെ പരഹസിക്കരുത്. നിങ്ങള്‍ എന്‍ഐഎയാണ്. ദേശീയ അന്വേഷണ ഏജന്‍സിയാണ്. നിങ്ങളാണ് പ്രോസിക്യൂഷന്‍. പ്രതി എന്ത് കുറ്റം ചെയ്താലും വേഗത്തിലുള്ള വിചാരണയ്ക്ക് അവകാശമുണ്ട്. പ്രതി ഗുരുതരമായ ഒരു കുറ്റം ചെയ്തിട്ടുണ്ടാവാം. പക്ഷേ വിചാരണ ആരംഭിക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥനാണ്. കഴിഞ്ഞ നാല് വര്‍ഷമായി ഇയാള്‍ ജയിലിലാണ്. നാളിതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്നും കോടതി രൂക്ഷഭാഷയില്‍ പ്രോസിക്യൂഷനോട് ചോദിച്ചു. 80 സാക്ഷികളെ ഇനിയും വിസ്തരിക്കാനുണ്ടെന്ന എന്‍ ഐഎ പ്രോസിക്യൂട്ടറുടെ വാദത്തിനായിരുന്നു ജഡ്ജിയുടെ മറുപടി. 'നിങ്ങള്‍ 80 സാക്ഷികളെ വിസ്തരിക്കാന്‍ നിര്‍ദേശിക്കുന്നു. അതിനാല്‍, അദ്ദേഹം ഇനിയും എത്രനാള്‍ ജയിലില്‍ കിടക്കണമെന്ന് ഞങ്ങളോട് പറയൂ എന്ന് പറഞ്ഞ കോടതി ജാമ്യം നല്‍കുകയായിരുന്നു. എന്‍ഐഎയുടെയും മഹാരാഷ്ട്ര സര്‍ക്കാരിന്റെയും അഭിഭാഷകര്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍(തടയല്‍) നിയമം(യുഎപിഎ) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2020 ഫെബ്രുവരി 9ന് രാവിലെ 9:30ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈ പോലിസാണ് ജേവാദിനെ പിടികൂടിയത്. ഇയാളില്‍നിന്ന്

    കള്ളനോട്ടുകള്‍ കണ്ടെടുത്തെന്നും അവ പാകിസ്താനില്‍ നിന്നുള്ളതാണെന്നുമായിരുന്നു എന്‍ ഐഎയുടെ ആരോപണം. നീണ്ടകാലം ജയിലില്‍ കഴിഞ്ഞത് പരിഗണിച്ച സുപ്രിം കോടതി രണ്ട് കൂട്ടുപ്രതികള്‍ക്ക് ഉള്‍പ്പെടെ ജാമ്യം അനുവദിച്ചു. ഒരു കുറ്റകൃത്യം എത്ര ഗുരുതരമായതാണെങ്കിലും, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം അതിവേഗ വിചാരണയ്ക്ക് പ്രതിക്ക് അവകാശമുണ്ടെന്ന് കോടതി ഉത്തരവിട്ടു. മുംബൈ വിട്ടുപോവരുത്, 15 ദിവസത്തിനുള്ളില്‍ എന്‍ഐഎയുടെ മുംബൈ ഓഫിസില്‍ ഹാജരാവണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്.

Tags:    

Similar News