അയോധ്യയിലെ രാമക്ഷേത്രത്തിലെ ആരതി ദൂരദര്‍ശനില്‍ എല്ലാദിവസവും സംപ്രേക്ഷണം ചെയ്യാന്‍ തീരുമാനം
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തിലെ ആരതി ചടങ്ങ്(പൂജ) ദൂരദര്‍ശനില്‍ എല്ലാദിവസവും സംപ്രേക്ഷണം ചെയ്യാന്‍ തീരുമാനം. ദൂരദര്‍ശന്‍ (ഡിഡി) നാഷനല്‍ ചാലനിലാണ് രാമക്ഷേത്രത്തില്‍ നിന്നുള്ള ആരതി ചടങ്ങ് ദിവസവും രാവിലെ 6.30ന് തത്സമയം സംപ്രേക്ഷണം ചെയ്യുകയെന്ന് സര്‍ക്കാര്‍ ബ്രോഡ്കാസ്റ്റര്‍ അറിയിച്ചു.
'ഇനി, എല്ലാ ദിവസവും ഭഗവാന്‍ ശ്രീ രാംലല്ലയുടെ ദിവ്യ ദര്‍ശനമായിരിക്കും!. അയോധ്യയിലെ ശ്രീ രാംലല്ല ക്ഷേത്രത്തില്‍ നിന്ന് ദിവസേനയുള്ള ആരതിയുടെ തത്സമയ സംപ്രേക്ഷണം ഉണ്ടാവും. ദിവസവും രാവിലെ 6:30ന് ഡിഡി നാഷനല്‍ മാത്രം കാണുക' എന്നാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ പോസ്റ്റില്‍ പോസ്റ്റിലൂടെ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ അറിയിച്ചത്. 'ശ്രീരാമന്റെ പ്രതിഷ്ഠയ്ക്ക് ശേഷം, ഞങ്ങള്‍ ദിവസവും രാവിലെയുള്ള ആരതിയുടെ തത്സമയ സംപ്രേക്ഷണത്തിന് അനുമതി വാങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ഇപ്പോള്‍ അംഗീകാരം ലഭിച്ചുകഴിഞ്ഞു. വിവിധ കാരണങ്ങളാല്‍ അയോധ്യ സന്ദര്‍ശിക്കാന്‍ കഴിയാത്ത എല്ലാ ഭക്തര്‍ക്കും ഡിഡി നാഷനല്‍ വഴി ശ്രീരാമന്റെ ദര്‍ശനം ലഭിക്കുമെന്നാണ് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ബാബരി മസ്ജിദ് തകര്‍ക്കുന്നതിലേക്ക് നയിച്ച സംഘപരിവാര പ്രക്ഷോഭങ്ങള്‍ക്ക് പ്രചോദനമേകുന്ന വിധത്തില്‍ അക്കാലത്ത് ദൂരദര്‍ശന്‍ പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്ത് ദുരദര്‍ശനില്‍ സംപ്രേഷണം ചെയ്ത രാമായണം സീരിയില്‍ ഇതിന്റെ ഉദാഹരണമായി പലരും ചൂണ്ടിക്കാട്ടിയിരുന്നു.