25 ലക്ഷം യൂറോ സമ്മാനത്തുകയുള്ള ജര്‍മന്‍ പുരസ്‌കാരം പാക് വംശജയ്ക്ക്

ജര്‍മനിയുടെ ഏറ്റവും വലിയ ബഹുമതികളിലൊന്നായ ലൈബ്‌നിസ് പുരസ്‌കാരത്തിനാണ് ഡോ. ആസിഫ അക്തര്‍ അര്‍ഹയായത്.

Update: 2020-12-22 10:45 GMT

ന്യൂഡല്‍ഹി: 25 ലക്ഷം യൂറോ (ഏകദേശം 22.56 കോടി രൂപ) സമ്മാനത്തുകയുള്ള ജര്‍മന്‍ പുരസ്‌കാരം പാക് വംശജയായ ഡോ. ആസിഫ അക്തറിന്. ജര്‍മനിയുടെ ഏറ്റവും വലിയ ബഹുമതികളിലൊന്നായ ലൈബ്‌നിസ് പുരസ്‌കാരത്തിനാണ് ഡോ. ആസിഫ അക്തര്‍ അര്‍ഹയായത്. വൈദ്യശാസ്ത്ര രംഗത്തെ സംഭാവനകള്‍ക്കാണ് ജര്‍മ്മന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ (ഡിഎഫ്ജി) ഈ വര്‍ഷത്തെ ലൈബ്‌നിസ് പുരസ്‌കാരത്തിന് ഡോ. ആസിഫയെ തിരഞ്ഞെടുത്തത്.

എപിജനെറ്റിക് ജീന്‍ റെഗുലേഷന്‍ സംവിധാനങ്ങളെക്കുറിച്ചുള്ള സെല്‍ ബയോളജിക്കല്‍ മേഖലയില്‍ ഏറെ പ്രശസ്തയാണ് ഇവര്‍. ജര്‍മ്മനിയിലെ ഏറെ പ്രശസ്തമായ മാക്‌സ് പ്ലാങ്ക് സൊസൈറ്റിയിലെ ബയോളജി ആന്‍ഡ് മെഡിസിന്‍ വിഭാഗത്തിന്റെ ആദ്യത്തെ അന്താരാഷ്ട്ര വനിതാ വൈസ് പ്രസിഡന്റായിരുന്നു അക്തര്‍.

2008ല്‍ അവര്‍ക്ക് ELSO (യൂറോപ്യന്‍ ലൈഫ് സയന്‍സ് ഓര്‍ഗനൈസേഷന്‍) പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ജര്‍മ്മനിയിലെ ഏറ്റവും വിജയകരമായ ഗവേഷണ സ്ഥാപനമാണ് ഡോ. അക്തറുമായി ബന്ധപ്പെട്ട മാക്‌സ് പ്ലാങ്ക് സൊസൈറ്റി. 1948ല്‍ സ്ഥാപിതമായതിനുശേഷം 18 നോബല്‍ സമ്മാന ജേതാക്കളെ സംഭാവന ചെയ്ത സ്ഥാപനമാണിത്.  ഡോ. ആസിഫ 1993ല്‍ ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജില്‍ (യുസിഎല്‍) നിന്ന് ബയോളജിയില്‍ ബിരുദം നേടി. 1998ല്‍ ലണ്ടനിലെ ഇംപീരിയല്‍ കാന്‍സര്‍ റിസര്‍ച്ച് ഫണ്ടില്‍ നിന്ന് പിഎച്ച്ഡിയും നേടിയിട്ടുണ്ട്.

Tags:    

Similar News