അല്‍ അമീന്‍ എജ്യുക്കേഷനല്‍ സൊസൈറ്റി സ്ഥാപകന്‍ ഡോ. മുംതാസ് അഹമ്മദ് ഖാന്‍ നിര്യാതനായി

1935 സെപ്റ്റംബര്‍ 6ന് തമിഴ്‌നാട്ടിലെ ത്രിച്ചില്‍ ജനിച്ച ഡോ. ഖാന്‍ 1963ല്‍ ചെന്നൈ മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍നിന്നാണ് എംബിബിഎസ് നേടിയത്. ചെന്നൈയിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. 1965ല്‍ അദ്ദേഹം ബെംഗളൂരുവിലേക്ക് മാറി.

Update: 2021-05-28 04:34 GMT

ന്യൂഡല്‍ഹി: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും അല്‍ അമീന്‍ എജ്യുക്കേഷണല്‍ സൊസൈറ്റിയുടെയും ഡെയ്‌ലി സാലാര്‍ ദിനപത്രത്തിന്റെയും സ്ഥാപകനും അലിഗഡ് മുസ്‌ലിം സര്‍വകലാശാല മുന്‍ ചാന്‍സലറുമായ ഡോ. മുംതാസ് അഹമ്മദ് ഖാന്‍ (86) നിര്യാതനായി.വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരുവിലായിരുന്നു അന്ത്യം.ഇദ്ദേഹത്തിന് ഭാര്യയും മൂന്നു കുട്ടികളുമുണ്ട്.

'ബാബെ തഅ്‌ലിം' എന്ന് പേരില്‍ അറിയപ്പെടുന്ന ഡോ. മുംതാസ് അഹമ്മദ് ഖാന്‍ 1966ലാണ് അല്‍അമീന്‍ എജ്യുക്കേഷണല്‍ സൊസൈറ്റി സ്ഥാപിച്ചത്. അല്‍ അമീന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന് കര്‍ണാടകയിലും രാജ്യത്തുടനീളവും 200ലധികം ശാഖകളുണ്ട്.

ബെംഗളൂരുവില്‍ അല്‍അമീന്‍ കോളജ് ഓഫ് എഡ്യൂക്കേഷന് കീഴില്‍ പ്രീയൂനിവേഴ്‌സിറ്റി, ബിരുദം, പോസ്റ്റ് ഗ്രൂജുവേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്, കോളജ് ഓഫ് ഫാര്‍മസി, ലോ കോളജ് തുടങ്ങി വിവിധ സ്ട്രീമുകള്‍ ഉണ്ട്.

1935 സെപ്റ്റംബര്‍ 6ന് തമിഴ്‌നാട്ടിലെ ത്രിച്ചില്‍ ജനിച്ച ഡോ. ഖാന്‍ 1963ല്‍ ചെന്നൈ മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍നിന്നാണ് എംബിബിഎസ് നേടിയത്. ചെന്നൈയിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. 1965ല്‍ അദ്ദേഹം ബെംഗളൂരുവിലേക്ക് മാറി.

1966ല്‍ തന്റെ 31ാം വയസ്സിലാണ് അദ്ദേഹം അല്‍അമീന്‍ വിദ്യാഭ്യാസ സൊസൈറ്റിക്ക് തുടക്കമിട്ടത്. സംസ്ഥാനത്തെ പാര്‍ശ്വവല്‍കൃത, പ്രത്യേകിച്ച് മുസ്‌ലിം സമൂഹത്തിന് വിദ്യാഭ്യാസം നല്‍കാനുള്ള ഒരു പ്രധാന ശ്രമമായിരുന്നു ഇത്.

1964 മുതല്‍ ബെംഗളൂരുവില്‍ നിന്നുള്ള ഉര്‍ദു ദിനപത്രമായ 'സാലാര്‍' സ്ഥാപിച്ചവരില്‍ ഒരാളായിരുന്നു ഡോ. ഖാന്‍. അലിഗഡ് മുസ്‌ലിം സര്‍വകലാശാല പ്രോചാന്‍സ്‌ലര്‍ / ട്രഷറര്‍ കൂടിയായിരുന്നു അദ്ദേഹം. ഒരു കാലത്ത് ആള്‍ ഇന്ത്യാ എംഇഎസ് നേതാവായ ഡോ. ഗഫൂറിന്റെ സഹചാരിയായിരുന്നു. പിന്നീട് എംഇഎസിലെ ടേണ്‍ കീ വിവാദത്തെതുടര്‍ന്ന് അകലുകയായിരുന്നു.

കര്‍ണാടക രാജ്യോല്‍സവ അവാര്‍ഡ് (1990), കെമ്പെഗൗഡ അവാര്‍ഡ്, ജൂനിയര്‍ ജയീസ് അവാര്‍ഡ്, പബ്ലിക് റിലേഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

സമുദായത്തിലെ അംഗങ്ങളുടെ മാതൃകാപരമായ സേവനങ്ങളെ മാനിച്ച് എല്ലാ വര്‍ഷവും നല്‍കുന്ന 'ഡോ. മുംതാസ് അഹമ്മദ് ഖാന്‍ അവാര്‍ഡ്' അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.

Tags:    

Similar News