ചെത്തല്ലൂര്‍: മുറിയങ്കണ്ണി പുഴയില്‍ മുങ്ങിമരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. താഴെക്കോട് വെള്ളപ്പാറ സ്വദേശി പടപാറക്കല്‍ ബെനഡിക് (20) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. സൈക്കിളില്‍ പ്രഭാത സവാരി നടത്തുന്നതിനിടെ ചെത്തല്ലൂര്‍ ഭാഗത്ത് മുറിയങ്കണ്ണി പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ബെനഡിക് എന്ന് പ്രദേശവാസികള്‍ പറഞ്ഞു.
പുഴയിലെ കയത്തില്‍പ്പെട്ടാണ് അപകടം. ബെനഡിക് സൈക്കിള്‍ നിര്‍ത്തി കുളിക്കാനിറങ്ങുന്നത് മറുകരയില്‍ ഉള്ളവര്‍ കാണുന്നുണ്ടായിരുന്നു. യുവാവ് അപകടത്തില്‍പ്പെട്ടെന്ന് മനസിലാക്കി ഇവര്‍ നീന്തി അടുത്തെത്തിയപ്പോഴേക്കും വെള്ളത്തില്‍ മുങ്ങിയിരുന്നു.
പോലിസിനേയും ഫയര്‍ഫോഴ്‌സിനേയും വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും ഫലം കണ്ടില്ല. നാട്ടുകാര്‍ യുവാവിനെ കരക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോലിസ് കേസെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചു. പുഴയില്‍ വെള്ളം കുറവാണെങ്കിലും കയങ്ങളുള്ളത് അപകടത്തിന് കാരണമാവുമെന്നും പുഴയില്‍ കുളിക്കാനിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു.