
തൂത്തുക്കുടി: പോലിസ് കസ്റ്റഡിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഡിഎസ്പി അടക്കം ഒമ്പതു പോലിസുകാരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തൂത്തുക്കുടിയിലെ തലമുത്തു നഗര്‍ പോലിസ് സ്‌റ്റേഷനില്‍ 1999ല്‍ വിന്‍സെന്റ് എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിലാണ് ശിക്ഷ. നിലവില്‍ ഡിഎസ്പി ആയ രാമകൃഷ്ണന്‍, നിലവില്‍ ഇന്‍സ്‌പെക്ടറായ സോമസുന്ദരന്‍, ഭൂമി കൈയ്യേറ്റ വിരുദ്ധ സ്‌ക്വോഡിലെ ഇന്‍സ്‌പെക്ടറായ പിച്ചയ്യ, സര്‍വീസില്‍ നിന്നും വിരമിച്ച ജയശേഖരന്‍, ജോസഫ് രാജ്, ചെല്ലദുരൈ, വീരബാഹു, സുബ്ബയ്യ, ബാലുസുബ്രമണ്യന്‍ എന്നിവരെയാണ് ശിക്ഷിച്ചിരിക്കുന്നത്. വിന്‍സെന്റിന് പോലിസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടെന്ന് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എം താണ്ഡവന്‍ പറഞ്ഞു. കസ്റ്റഡി മരണമുണ്ടാവുമ്പോള്‍ പ്രതികളായ പോലിസുകാരെ സംശയിക്കണം. മറിച്ച് സ്ഥാപിക്കേണ്ടത് അവരുടെ കടമയാണ്. ഒരു പോലിസുകാരന്‍ ലാത്തി കൊണ്ട് വിന്‍സെന്റിനെ മര്‍ദ്ദിച്ചു എന്നു വ്യക്തമാണ്. ഇത് മരണകാരണമാവുന്ന അടിയായിരുന്നുവെന്നും കോടതി വ്യക്തമാക്കി.