ദുബയ്: നികുതി വെട്ടിപ്പ് കേസില്‍ പ്രതിയായ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ സഞ്ജയ് ഷായെ ഡെന്‍മാര്‍ക്കിന് കൈമാറാമെന്ന് ദുബയ് കോടതി. ഡെന്‍മാര്‍ക്കില്‍ 170 കോടി ഡോളറിന്റെ നികുതി വെട്ടിപ്പാണ് ഇയാള്‍ നടത്തിയത്. ഡാനിഷ് കമ്പനിയില്‍ ഓഹരിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 2012 മുതല്‍ തുടര്‍ച്ചയായ മൂന്നുവര്‍ഷം നികുതി റീഫണ്ട് ഇയാള്‍ കൈപ്പറ്റിയെന്നാണ് ആരോപണം. തട്ടിപ്പിനുശേഷം ഡെന്‍മാര്‍ക്ക് വിട്ട ഷാ ദുബയിലെ പാം ജുമൈറയിലേക്ക് താമസം മാറ്റി.
അഞ്ച് മാസം മുമ്പാണ് ദുബയ് പോലിസ് സഞ്ജയ് ഷായെ അറസ്റ്റ് ചെയ്തത്. 2018ലാണ് ഡെന്‍മാര്‍ക്ക് നികുതി വകുപ്പ് ദുബയില്‍ കേസ് ഫയല്‍ ചെയ്തത്. 190 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണു ഡെന്‍മാര്‍ക്ക് വാദിച്ചത്. അടുത്തിടെ ഇയാള്‍ക്ക് 125 കോടി ഡോളര്‍ (10,000 കോടി രൂപ) പിഴയിട്ട ദുബയ് കോടതി ഇയാളെ വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു. ഔദ്യോഗിക രേഖകളുടെ അഭാവം ചൂണ്ടിക്കാണിച്ചാണ് കോടതി ഇയാളെ കൈമാറാന്‍ വിസമ്മതിച്ചത്. ഇതിനെതിരേ ദുബയ് അറ്റോണി ജനറല്‍ എസ്സം ഇസാ അല്‍ ഹുമൈദാന്‍ അപ്പീല്‍ നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷായെ കൈമാറിയത്.
കഴിഞ്ഞ മാര്‍ച്ചില്‍ തടവുകാരെ കൈമാറുന്നത് സംബന്ധിച്ച് യുഎഇയും ഡെന്‍മാര്‍ക്കും തമ്മില്‍ കരാര്‍ ഒപ്പുവച്ചിരുന്നു. അതേസമയം, ഡെന്‍മാര്‍ക്കിന് വിട്ടുകൊടുക്കാനുള്ള കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് ഷായുടെ അഭിഭാഷകന്‍ അലി അല്‍ സറൂനി പറഞ്ഞു. അപ്പീല്‍ നല്‍കാന്‍ 30 ദിവസം സമയമുണ്ട്. ഇതിനുള്ളില്‍ അപ്പീല്‍ നല്‍കുമെന്നും യുഎഇ കോടതിയില്‍ വിശ്വാസമുണ്ടെന്നും സറൂനി പറഞ്ഞു.