എസ്ബിഐയുടെ വ്യാജ ബ്രാഞ്ച്; മൂന്നു പേര്‍ അറസ്റ്റില്‍, തട്ടിപ്പിനു പിന്നില്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ മകന്‍

എസ്ബിഐയില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരന്റെ 19കാരനായ മകന്‍ കമല്‍ ബാബുവാണ് സംഭവത്തിന് പിന്നിലെ ബുദ്ധി കേന്ദ്രമെന്ന് പോലിസ് പറഞ്ഞു. ഇയാളോടൊപ്പം എ കുമാര്‍ (42), എം മാണിക്യം (52) എന്നിവരാണ് അറസ്റ്റിലായത്.

Update: 2020-07-12 06:37 GMT

ചെന്നൈ: എസ്ബിഐയുടെ വ്യാജ ബ്രാഞ്ച് നടത്തിയ മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ കടലൂരിലുള്ള പന്‍രുതിയിലാണ് തട്ടിപ്പിന്റെ പുതിയ മുഖം ദൃശ്യമായത്. എസ്ബിഐയില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരന്റെ 19കാരനായ മകന്‍ കമല്‍ ബാബുവാണ് സംഭവത്തിന് പിന്നിലെ ബുദ്ധി കേന്ദ്രമെന്ന് പോലിസ് പറഞ്ഞു. ഇയാളോടൊപ്പം എ കുമാര്‍ (42), എം മാണിക്യം (52) എന്നിവരാണ് അറസ്റ്റിലായത്.

കമല്‍ ബാബുവിന്റെ അച്ഛന്‍ 10 വര്‍ഷം മുമ്പ് മരിച്ചതാണ്. അമ്മ ലക്ഷ്മി രണ്ടു വര്‍ഷം മുമ്പാണ് ബാങ്കില്‍ നിന്ന് വിരമിച്ചത്. തൊഴില്‍രഹിതനായ കമലാണ് വ്യാജ എസ്ബിഐ ബ്രാഞ്ച് തുടങ്ങാന്‍ പദ്ധതി തയ്യാറാക്കിയത്. ഇവിടെ എസ്ബിഐയുടെ എല്ലാ സൗകര്യങ്ങളും ലഭ്യമായിരുന്നു. കംപ്യൂട്ടറും ലോക്കറും വാങ്ങി ഓഫിസ് സ്ഥാപിച്ച ഇയാള്‍ ചെല്ലാനും മറ്റു രേഖകളും വ്യാജമായി നിര്‍മ്മിച്ചു. ബ്രാഞ്ചിനു വേണ്ടി വെബ്‌സൈറ്റും നിര്‍മ്മിച്ചു. ലോക്ക്ഡൗണിനിടെ ഏപ്രിലിലാണ് വ്യാജ ശാഖ തുറന്നത്.

ഉപഭോക്താക്കളില്‍ ചിലര്‍ പ്രധാന ബ്രാഞ്ചില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് സംഭവം വെളിച്ചത്തായത്. മേഖലയില്‍ രണ്ട് എസ്ബിഐ ബ്രാഞ്ച് നിലവിലുണ്ട്. അതിന് പുറമെയാണ് വ്യാജ ബ്രാഞ്ച് പ്രവര്‍ത്തിച്ചത്.

വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരുടെ സംഘം വ്യാജ ബാങ്കിലെ ഓഫിസിലെത്തി. സാധാരണ എസ്ബിഐ ബ്രാഞ്ചില്‍ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരുന്നു.തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കി. അതേസമയം, ഈ ബ്രാഞ്ചില്‍ പണമിടപാട് നടത്തിയ ഉപഭോക്താക്കള്‍ ആരും പണം നഷ്ടമായെന്ന പരാതി നല്‍കിയിട്ടില്ലെന്ന് പോലിസ് പറയുന്നു.

Tags:    

Similar News