പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ ഡി വൈ ചന്ദ്രചൂഡ് പരിഗണിക്കും
ഹരജി ഇന്ന് സുപ്രിം കോടതി പരിഗണിച്ചപ്പോള്‍ ഡിസംബര്‍ ആറിലേക്ക് മാറ്റുകയായിരുന്നു.
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരായ ഹരജികള്‍ സുപ്രിം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി ഡി വൈ ചന്ദ്രചൂഡ് ചുമതലയേറ്റ ശേഷം പരിഗണിക്കും. ഹരജി ഇന്ന് സുപ്രിം കോടതി പരിഗണിച്ചപ്പോള്‍ ഡിസംബര്‍ ആറിലേക്ക് മാറ്റുകയായിരുന്നു. സിഎഎക്കെതിരേ ആകെ 232 ഹരജികളാണ് സുപ്രിം കോടതിക്ക് മുന്‍പാകെയുള്ളത്. ത്രിപുര, അസം സംസ്ഥാനങ്ങള്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഇന്ന് സുപ്രിം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഹരജി മാറ്റിവെച്ചത്.
ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആറ് മുസ്ലിം ഇതര മതവിഭാഗത്തിലെ 'അനധികൃത കുടിയേറ്റക്കാര്‍ക്ക്' ഇന്ത്യന്‍ പൗരത്വം നല്‍കികൊണ്ട് 1955ലെ പൗരത്വ നിയമത്തിലെ സെക്ഷന്‍ 2 ഭേദഗതി ചെയ്തുകൊണ്ടാണ് 2019ല്‍ കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമംകൊണ്ടുവന്നത്. 2019 ഡിസംബര്‍ 12ന് പാസാക്കിയ സിഎഎക്കെതിരെയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിപക്ഷ നേതാക്കളും സുപ്രിം കോടതിയെ സമീപിച്ചത്. നിയമം ഭരണഘടന വിരുദ്ധവും മുസ്‌ലിം വിരുദ്ധ നീക്കവുമാണെന്നാണ് ഹരജിക്കാരുടെവാദം
.