ഡിവൈഎസ്പിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ഡിവൈഎഫ്‌ഐ നേതാവ്; വിശദീകരണം നല്‍കിയില്ലെങ്കില്‍ കുടുംബമടക്കം പാര്‍ട്ടി വിടുമെന്ന് ഡിവൈഎസ്പി

Update: 2024-12-14 13:14 GMT

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന ഡിവൈഎഫ്‌ഐ നേതാവിന്റെ ഗുരുതര ആരോപണത്തിനെതിരേ ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്. തന്റെ തീവ്രവാദ ബന്ധം ഡിവൈഎഫ്‌ഐ തെളിയിക്കണമെന്നാണ് ബാബു പെരിങ്ങേത്ത് സുഹൃത്തിന് അയച്ച വാട്ട്‌സാപ് സന്ദേശത്തില്‍ പറയുന്നത്. ആരോപണം ഉന്നയിച്ച ഡിവൈഎഫ്‌ഐ കാസര്‍കോട് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് തെളിവ് അടക്കം വിശദീകരണം നല്‍കിയില്ലെങ്കില്‍ ഇതുവരെ വിശ്വസിച്ചിരുന്ന ചിന്തകളില്‍ നിന്ന് ഇറങ്ങി പോകുമെന്നും എല്ലാ തരത്തിലുള്ള പാര്‍ട്ടി കൂറും വിടാന്‍ കുടുംബം മാനസികമായി തയ്യാറെടുത്തെന്നും വാട്‌സാപ് സന്ദേശം പറയുന്നു.


കഴിഞ്ഞ കുറച്ച് കാലങ്ങളായി സാമ്പത്തികമായി എത്രമാത്രം ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത് എന്ന് ഭാര്യ പറയുന്നു. എന്നെ മര്‍ദകന്‍ എന്നോ തെമ്മാടി എന്നോ നാറി എന്നോ വിളിച്ചോട്ടെ, ഞാന്‍ സഹിക്കും. പക്ഷെ മേല്‍പറഞ്ഞ ആരോപണങ്ങള്‍ ഞാന്‍ സഹിക്കില്ലെന്നുമാണ് ബാബു പെരിങ്ങേത്ത് പറയുന്നത്. ജനുവരി 11നുള്ളില്‍ ഡിവൈഎഫ്‌ഐയുടെ വിശദീകരണം കിട്ടിയില്ലെങ്കില്‍ ഈ നിമിഷം വരെ എതിര്‍ത്ത മറ്റൊരു ചിന്തയിലേക്ക് കുടുംബം ഉള്‍പ്പടെ മാറുമെന്നാണ് കടുത്ത സിപിഎം അനുഭാവിയായ ബാബു പെരിങ്ങേത്ത് പറയുന്നത്.

നഴ്‌സിങ് കോളജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യാശ്രമത്തെത്തുടര്‍ന്ന് തിങ്കളാഴ്ച നടന്ന പ്രതിഷേധങ്ങള്‍ അക്രമാസക്തമായപ്പോള്‍ പോലിസ് ലാത്തിചാര്‍ജ് നടത്തിയിരുന്നു. ഇത് തീവ്രവാദ ഗ്രൂപ്പില്‍ നിന്ന് പണം വാങ്ങി ചെയ്തതാണെന്നാണ് രജീഷ് വെള്ളാട്ട് ആരോപിച്ചത്.

Similar News