ഡിവൈഎഫ്‌ഐ മുന്‍ നേതാവിന്റെ മരണം കൊലപാതകം; സഹോദരനും സുഹൃത്തും അറസ്റ്റില്‍

Update: 2023-08-16 05:53 GMT

തൃശ്ശൂര്‍: ഡിവൈഎഫ്‌ഐ മുന്‍ നേതാവിനെ ബെക്കില്‍നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. സഹോദരനും സുഹൃത്തും അറസ്റ്റില്‍. അരിമ്പൂര്‍ കായല്‍റോഡ് കുന്നത്തുംകര ഷാജിയുടെ മകന്‍ ഷൈനാ(29) ണ് മരിച്ചത്. ഞായറാഴ്ച രാത്രി 10ഓടെ അരണാട്ടുകര റോഡില്‍ ചേറ്റുപുഴ കയറ്റത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഷൈനിന്റെ സഹോദരന്‍ ഷെറിന്‍(27), സുഹൃത്ത് ചെത്തിക്കാട്ടില്‍ അരുണ്‍(25) എന്നിവരെ വെസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്‌ഐ.കായല്‍ റോഡ് യൂനിറ്റ് മുന്‍ സെക്രട്ടറിയാണ് ഷൈന്‍. തമിഴ്‌നാട്ടിലെ ട്രിച്ചിയില്‍ പെയിന്റിങ് തൊഴിലാളിയായ ഷൈന്‍ ജോലിസ്ഥലത്തുനിന്ന് ഒരുമാസത്തിന് ശേഷം ഞായറാഴ്ച രാത്രി നാട്ടിലേക്ക് വന്നതായിരുന്നു. ബസ്സില്ലാത്തതിനാല്‍ സഹോദരനും സുഹൃത്തും ചേര്‍ന്ന് ഷൈനിനെ ശക്തന്‍ സ്റ്റാന്‍ഡില്‍നിന്ന് ബൈക്കില്‍ കൊണ്ടുവരുകയായിരുന്നു. ഭാരമുള്ള ബാഗുമായി പിന്നിലിരുന്ന യുവാവ് കയറ്റത്തില്‍ ബൈക്കില്‍നിന്ന് റോഡിലേക്ക് വീണെന്നും രക്ഷിക്കാനായില്ലെന്നുമാണ് പ്രതികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ബൈക്കില്‍നിന്ന് വീണുണ്ടായ പരിക്കല്ലെന്നും ഹെല്‍മെറ്റ് കൊണ്ട് തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്നും തെളിഞ്ഞു. ബൈക്കിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലിസ് നിഗമനം. അരുണാണ് ബൈക്ക് ഓടിച്ചിരുന്നത്. ചേറ്റുപുഴ ഇറക്കത്തില്‍ പെട്രോള്‍ തീര്‍ന്ന് ബൈക്ക് നിന്നപ്പോള്‍ അരുണിന് തന്റെ ബൈക്ക് ഓടിക്കാന്‍ നല്‍കിയത് ഷൈന്‍ ചോദ്യം ചെയ്തു. പെട്രോളടിക്കാന്‍ പണം ചോദിച്ചപ്പോഴും കൊടുത്തില്ല. ഇതേച്ചൊല്ലിയുള്ള വാക്കുതര്‍ക്കത്തിനിടെ ഷെറിന്‍ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.

    ഷൈന്‍ നേരത്തേ ഷെറിനുകൊടുത്ത പണം സംബന്ധിച്ചും തര്‍ക്കമുണ്ടായതായി പോലിസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടവും ഇന്‍ക്വസ്റ്റും നടക്കുമ്പോള്‍ ഇരുവരും സ്ഥലത്തില്ലാതിരുന്നതാണ് പോലിസിനു സംശയത്തിനിടയാക്കിയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയ്ക്ക് പരിക്കേറ്റത് എങ്ങനെയെന്ന് പ്രത്യേകം നിരീക്ഷിക്കാന്‍ പോലിസ് സര്‍ജന് നിര്‍ദേശം നല്‍കിയിരുന്നു. തലയ്ക്കടിയേറ്റാണ് മരണമെന്ന് ഉറപ്പായതോടെ പോലിസ് ഇരുവരെയും സംശയിച്ചു. തിങ്കളാഴ്ച വൈകീട്ട് സംസ്‌കാരച്ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ ഷെറിനെ അരിമ്പൂര്‍ പള്ളി റോഡില്‍നിന്ന് മൊഴിയെടുക്കാനെന്ന് പറഞ്ഞാണ് പോലിസ് കൊണ്ടുപോയത്. ചെണ്ടമേളക്കാരന്‍ കൂടിയായ അരുണിനെ പരയ്ക്കാടുള്ള വീട്ടില്‍നിന്ന് പിടികൂടി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴും തെളിവുകള്‍ ലഭിച്ചിരുന്നു.

Tags:    

Similar News