രാജ്യത്ത് ആദ്യമായി ഇ-പാസിംഗ് ഔട്ട് പരേഡ് നടത്തി കേരളം

കേരള പോലിസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കിയ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ ട്രെയിനികളുടെ ഇപാസിംഗ് ഔട്ട് നടത്തിയത്. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പാസിംഗ് ഔട്ട് പരേഡ്.

Update: 2020-07-24 03:56 GMT

തൃശൂര്‍: രാജ്യത്ത് ആദ്യമായി ഓണ്‍ലൈനില്‍ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കായി പാസിംഗ് ഔട്ട് പരേഡ് നടത്തി രാമവര്‍മ്മപുരം കേരള പോലിസ് അക്കാദമി. അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന ഇ പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി സല്യൂട്ട് സ്വീകരിച്ചു. എല്ലാ പോലിസ് സ്‌റ്റേഷനുകളും ജനമൈത്രി പോലിസ് സ്‌റ്റേഷനുകളുമാണെന്നും അവ സേവന കേന്ദ്രങ്ങള്‍ കൂടിയാണെന്നും സല്യൂട്ട് സ്വീകരിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

കേരള പോലിസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കിയ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ ട്രെയിനികളുടെ ഇപാസിംഗ് ഔട്ട് നടത്തിയത്. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പാസിംഗ് ഔട്ട് പരേഡ്.

ഒന്‍പത് മാസത്തെ തീവ്ര പരിശീലനം പൂര്‍ത്തിയാക്കിയാണ് കേരള പൊലിസ് സേനയിലെ 29 ബി, 30ാം ബാച്ച് പുറത്തിറങ്ങിയത്. കേരള പോലിസ് അക്കാദമിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇ പാസിംഗ് ഔട്ട് പരേഡ് പൊതുജനങ്ങള്‍ക്ക് തല്‍സമയം കാണുവാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

വിവിധ മത്സരങ്ങളില്‍ വിജയികളായ പോലിസുകാര്‍ക്ക് സമ്മാനദാനവും നടത്തി. 29 എ ബാച്ചിലെ സുഹൈല്‍ കെ, 30 എ ബാച്ചിലെ അഭിറാം സി എസ് എന്നിവര്‍ ബെസ്റ്റ് ഇന്‍ഡോര്‍ ഗെയിംസ് വിജയികളായി. ബെസ്റ്റ് ഷൂട്ടര്‍ എം മനേഷ്(29 എ ബാച്ച്), സൂരജ് സി എസ്(30 എ), ബെസ്റ്റ് ഔട്ട് ഡോര്‍എം മനേഷ്(29 എ ബാച്ച്), എം സരിത(30 എ), ബെസ്റ്റ് ഓള്‍ റൗണ്ടര്‍ കെ സുഹൈല്‍(29 എ), എം സരിത(30 എ) എന്നിവരാണ് വിവിധ മേഖലകളില്‍ വിജയികളായത്.

കേരള പോലിസില്‍ നേരിട്ട് സര്‍വ്വീസില്‍ നിയമിക്കപ്പെട്ട സബ് ഇന്‍സ്‌പെക്ടര്‍മാരില്‍ വനിതകള്‍ കൂടി ഉള്‍പ്പെട്ട രണ്ടാമത്തെയും മൂന്നാമത്തെയും ബാച്ചുകളാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്. 2019 മെയ് 13 നും ജൂലൈ അഞ്ചിനുമായി ആരംഭിച്ച രണ്ട് ബാച്ചുകളാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. അടിസ്ഥാന പരിശീലനം കൂടാതെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക കമാന്‍ഡോ ട്രെയിനിംഗ്, ഹൈ ആള്‍ട്ടിറ്റിയൂട്ട് ട്രെയിനിങ്ങ്, കോസ്റ്റല്‍ ട്രെയിനിങ്ങ് സെന്റര്‍, കമ്മ്യൂണിറ്റി പോലീസിംഗ്, ദുരന്തനിവാരണം, സൈബര്‍ കുറ്റാന്വേഷണം കൂടാതെ കമ്പ്യൂട്ടര്‍, െ്രെഡവിംഗ്, സ്വിമ്മിംഗ്, യോഗ തുടങ്ങിയവയിലും വിദഗ്ധ പരിശീലനം നല്‍കിയിട്ടുണ്ട്. ആദ്യ ബാച്ചില്‍ 60 പേരും രണ്ടാം ബാച്ചില്‍ 44 പേരുമാണുള്ളത്. ഇതില്‍ 14 പേര്‍ വനിതകളാണ്. പരിശീലനം പൂര്‍ത്തിയാക്കിയ 104 പേരില്‍ എംടെക്, എംഎഡ് യോഗത്യയുളള ഓരോരുത്തരും രണ്ട് എംബിഎ, എംസിഎ ബിരുദധാരികളും 4 ബിഎഡ് യോഗ്യതയുളളവരും 11 ബിടെക് യോഗ്യതയുളളവരും ബിരുദാനന്തരബിരുദമുളള 23 പേരുമുണ്ട്. പാഠ്യപദ്ധതിയനുസരിച്ച് തീവ്രപരിശീലനം, മാനസികാരോഗ്യ ക്ലാസുകള്‍, പൊതുപരീക്ഷകള്‍, വിലയിരുത്തല്‍ എന്നിവയെല്ലാം ഇലേണിങ് പദ്ധതിയിലൂടെ നടത്തി. അക്കാദമി സ്വന്തമായി വികസിപ്പിച്ച ഓണ്‍ലൈന്‍ ആപ്ലിക്കേഷനായ കെല്‍സ് എന്ന മാധ്യമത്തിലൂടെയായിരുന്നു പഠനം. പദ്ധതിക്ക് 2017 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഈ ഗവേര്‍ണന്‍സ് അവാര്‍ഡ് ലഭിച്ചിരുന്നു.

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, അക്കാദമി ഡയറക്ടര്‍ ഡോ. ബി സന്ധ്യ, ഡിഐജി ട്രെയിനിങ് നീരജ് കുമാര്‍ ഗുപ്ത തുടങ്ങിയവര്‍ പങ്കെടുത്തു. 

Tags:    

Similar News