'ഐറ്റം' പരാമര്‍ശം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ കമല്‍നാഥിനോട് വിശദീകരണം തേടി
വിവാദ പരാമര്‍ശത്തില്‍ 48 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം.
ഭോപ്പാല്‍: മധ്യപ്രദേശിലെ ബിജെപി മന്ത്രി ഇമര്‍തി ദേവിക്കെതിരായ 'ഐറ്റം' പരാമര്‍ശത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. വിവാദ പരാമര്‍ശത്തില്‍ 48 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം.
മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കേ, പെരുമാറ്റച്ചട്ടം നിലവിലുണ്ട്. ഈ പശ്ചാത്തലത്തില്‍ വിദ്വേഷം സൃഷ്ടിക്കുന്നതോ വിഭാഗീയത ഉയര്‍ത്തുന്ന തരത്തിലുള്ളതോ ആയ പ്രവര്‍ത്തനങ്ങളോ പരാമര്‍ശങ്ങളോ രാഷ്ട്രീയ കക്ഷികളുടേയും നേതാക്കളുടേയും ഭാഗത്തുനിന്ന് ഉണ്ടാവരുതെന്നാണ് ചട്ടം. കമല്‍നാഥ് ഈ ചട്ടം ലംഘിച്ചോ എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുന്നത്.
നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി ഗ്വാളിയറിലെ ദാബ്രയില്‍ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് യോഗത്തിലാണ് മന്ത്രിക്കെതിരേ കമല്‍നാഥ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. അടുത്തിടെ ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസില്‍നിന്ന് കൂറുമാറി ബിജെപിയിലെത്തിയ നേതാക്കളിലൊരാളാണ് മന്ത്രി ഇമര്‍തി ദേവി.പരാമര്‍ശം വിവാദമായതോടെ കമല്‍നാഥ് ഖേദം പ്രകടിപ്പിച്ചിരുന്നു.