സാമ്പത്തിക തകര്‍ച്ച: ശ്രീലങ്കന്‍ അഭയാര്‍ഥികളെ നിയമപരമായി കൈകാര്യം ചെയ്യുമെന്ന് സ്റ്റാലിന്‍
ശ്രീലങ്കയില്‍ നിന്ന് കൂടുതല്‍ ആളുകളെത്തുമ്പോള്‍ അതിനെ നിയമപരമായി കൈകാര്യം ചെയ്യുമെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. തന്റെ ഉദ്യോഗസ്ഥര്‍ കേന്ദ്ര പ്രതിനിധികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് വരികയാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
പട്ടിണിപ്പേടിയില്‍ സ്ത്രീകളും കുട്ടികളുമടക്കം പത്ത് പേരാണ് ഇതുവരെ രാമേശ്വരത്ത് എത്തിയത്. 2000 പേരോളം ഇന്ത്യയിലേക്ക് പലായനം ചെയ്യാന്‍ തയാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയതിന് പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം. ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് ഒരു പുതുപുലരി നേടിയെടുക്കാനായി തമിഴ്‌നാട് സര്‍ക്കാര്‍ സദാ ഒപ്പമുണ്ടാകുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
2013ന് ശേഷം ഇതാദ്യമായാണ് ലങ്കയില്‍ ഭക്ഷ്യോത്പനങ്ങളുടെ വിലയില്‍ ഇത്രയധികം കുതിപ്പുണ്ടാകുന്നത്. മരുന്നുകള്‍ക്ക് ഉള്‍പ്പെടെ വലിയ ക്ഷാമം നേരിടുന്നു. രാജ്യത്ത് അഞ്ച് മണിക്കൂര്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി. ജനറേറ്ററുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ഉപയോഗം ഇന്ധനക്ഷാമത്തിന് വഴിതെളിച്ചു. എല്ലാ ഉത്പനങ്ങളും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യണം. കരുതല്‍ വിദേശ നാണ്യം ഇടിഞ്ഞതോടെ ഇറക്കുമതിയും നിലച്ചു. കൊവിഡ് പ്രതിസന്ധിയില്‍ ടൂറിസം മേഖല തകര്‍ന്നത് ലങ്കന്‍ പ്രതിസന്ധിയുടെ ആക്കം കൂട്ടി. തുടങ്ങിവച്ച മെഗാപ്രൊജക്ടുകളിലായിരുന്നു പ്രതീക്ഷകള്‍ അത്രയും. എന്നാല്‍ പ്രൊജക്ടുകള്‍ പലതും നഷ്ടത്തിലായതോടെ എല്ലാം താളംതെറ്റി.