ഇഡി പേടി: സിനിമക്കാര്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ ഭയപ്പെടുന്നുവെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍
തിരുവനന്തപുരം: സമൂഹത്തിലെ തെറ്റായ കാര്യങ്ങള്‍ സിനിമക്കാര്‍ ഇഡിയെ പേടിച്ച് പറയാതിരിക്കുകയാണെന്ന് സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. എഴുത്തുജീവിതത്തില്‍ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയതിന് പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബ് നല്‍കിയ അനുമോദനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി നേതാവും ഗോവ ഗവര്‍ണറുമായ ശ്രീധരന്‍ പിള്ളയെ വേദിയിലിരുത്തിയാണ് അടൂരിന്റെ വിമര്‍ശനം. തെറ്റായ കാര്യങ്ങള്‍ തുറന്നുപറയാത്ത പലര്‍ക്കും പലതും സംരക്ഷിക്കാനുണ്ട്. സൗകര്യങ്ങളും പദവികളുമൊക്കെ നോക്കിയിരിക്കുന്നവരുണ്ട്. നല്ല കാര്യങ്ങള്‍ കണ്ടാല്‍ വിളിച്ചുപറയുന്നയാളാണ് ഞാന്‍. ചീത്ത കാര്യങ്ങളെക്കുറിച്ചും മടിയില്ലാതെ പറയും. കാണുന്ന കാര്യങ്ങളെക്കുറിച്ച് തുറന്നുപറച്ചിലിനു ആരെയും ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. കലാബോധവും സാഹിത്യബോധവുമുള്ള നേതാക്കള്‍ക്കേ ജനങ്ങളുമായി ഇടപഴകാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.