സോണിയാ ഗാന്ധിക്ക് വീണ്ടും ഇഡിയുടെ നോട്ടീസ്; ജൂലൈ 25ന് ചോദ്യം ചെയ്യലിന് ഹാജരാവണം

Update: 2022-07-21 14:54 GMT

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് അയച്ചു. ചോദ്യം ചെയ്യുന്നതിനായി ജൂലൈ 25ന് തിങ്കളാഴ്ച വീണ്ടും ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. സോണിയാ ഗാന്ധിയെ ഇഡി ഇന്ന് മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ആവശ്യമെങ്കില്‍ ഇനിയും സോണിയയെ സമന്‍സ് നല്‍കി വിളിച്ചുവരുത്തുമെന്നും ഇഡി അറിയിച്ചിരുന്നു. മകള്‍ പ്രിയങ്കാ ഗാന്ധിക്കൊപ്പമാണ് സോണിയ ചോദ്യം ചെയ്യലിന് ഹാജരായത്.

ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വസതിയിലെത്തി ചോദ്യം ചെയ്യാമെന്ന് ഇഡി അറിയിച്ചെങ്കിലും സോണിയാ ഗാന്ധി നിരസിക്കുകയായിരുന്നു. അതിനിടെ, ഡല്‍ഹിയിലെ ഇഡി ഓഫിസ് പരിസരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തു. സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. പ്രതിഷേധിച്ച കെ സി വേണുഗോപാല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് തുടങ്ങിയ നേതാക്കള്‍ അറസ്റ്റിലായിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഇഡിക്കെതിരേ പ്രതിഷേധമുണ്ടായി. പലയിടത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ട്രെയിനുകള്‍ തടയുകയും ചെയ്തിരുന്നു.

Tags:    

Similar News