ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി ലയനം ഈ അധ്യയനവര്‍ഷം തന്നെ നടപ്പാവും

ലയനം അടക്കമുള്ള ഖാദര്‍ കമ്മിറ്റിയുടെ മൂന്ന് ശുപാര്‍ശകളില്‍ നാളത്തെ മന്ത്രിസഭാ യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും.

Update: 2019-05-28 14:43 GMT

തിരുവനന്തപുരം: ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി ലയനം ഈ അധ്യയന വര്‍ഷം തന്നെ നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ലയനം അടക്കമുള്ള ഖാദര്‍ കമ്മിറ്റിയുടെ മൂന്ന് ശുപാര്‍ശകളില്‍ നാളത്തെ മന്ത്രിസഭാ യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ശക്തമായ എതിര്‍പ്പിനിടെയാണ് ഖാദര്‍ കമ്മിറ്റിയുടെ പ്രധാന ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. പ്രവേശനോല്‍സവം അടക്കം ബഹിഷ്‌കരിക്കുന്ന സമരവുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ നീക്കം.

ഒന്ന് മുതല്‍ 12ാം ക്ലാസുവരെ ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എജുക്കേഷനെന്ന ഒറ്റ സംവിധാനത്തിന്‍ കീഴിലാക്കും. ഇതിനായി പൊതു പരീക്ഷാ ബോര്‍ഡ് രൂപീകരിക്കും. പുതിയ ഡയറക്ടര്‍ക്കായിരിക്കും ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറി, വിഎച്ച്എസ്ഇ പരീക്ഷാ ബോര്‍ഡുകളുടെ ചുമതല. ഹൈസ്‌കൂളും ഹയര്‍സെക്കണ്ടറിയും ഉള്ള സ്‌കൂളിലെ സ്ഥാപനമേധാവി പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പല്‍ ഹെഡ്മാസ്റ്ററുമായിരിക്കും. എന്നാല്‍ ഖാദര്‍ കമ്മിറ്റിയുടെ ചില ശുപാര്‍ശകള്‍ നടപ്പാക്കില്ലെന്ന്് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഡയറക്ടേറ്റുകളുടെ ലയനം നടപ്പാക്കുമെങ്കിലും എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല. എഇഒ, ഡിഇഒ ഓഫിസുകള്‍ നിര്‍ത്തലാക്കില്ല. അതേ സമയം, വേണ്ടത്ര ചര്‍ച്ചയില്ലാതെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനെതിരേ മന്ത്രി വിളിച്ച യോഗത്തില്‍ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ പ്രതിഷേധമുയര്‍ത്തി. സമരത്തിന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

Tags:    

Similar News